സ്വർണക്കടത്തുകേസ്: കസ്റ്റംസ് റിപ്പോർട്ടിൽ എംഎൽഎയും

കൊച്ചി : സ്വർണക്കടത്തിൽ എംഎൽഎക്കും പങ്കാളിത്തമെന്ന് കസ്റ്റംസിന്റെ രഹസ്യ റിപ്പോർട്ട്. മുഖ്യപ്രതികളായ സ്വപ്ന സുരേഷിനും സന്ദീപ് നായർക്കുമെതിരെ ‘കോഫെപോസ’ (കള്ളക്കടത്തു തടയൽ നിയമം) ചുമത്താനുള്ള അപേക്ഷയ്ക്കൊപ്പം കേന്ദ്ര ധന മന്ത്രാലയത്തിനു സമർപ്പിച്ച റിപ്പോർട്ടിലാണ് പേരു പരാമർശിക്കുന്നത്. നിലവിൽ കേസിലെ പ്രതിയായോ സാക്ഷിയായോ എംഎൽഎയെ ഉൾപ്പെടുത്തിയിട്ടില്ല.

‘പിഡി 12002–06–2020 കോഫെപോസ’ എന്ന ഫയൽ നമ്പറിലുള്ള രഹസ്യ റിപ്പോർട്ടിന്റെ അഞ്ചാം പേജിലാണു പ്രതികളുമായി എംഎൽഎക്കുള്ള ബന്ധം പരാമർശിക്കുന്നത്. സ്വർണക്കടത്തിന്റെ സൂത്രധാരനായ കെ.ടി. റമീസ് ഈ എംഎൽഎക്കു പങ്കാളിത്തമുള്ള കള്ളക്കടത്തു സംഘത്തിലെ മുഖ്യ കണ്ണിയാണെന്നും സാക്ഷിമൊഴികളുടെ പിന്തുണയോടെ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. സ്വർണക്കടത്തിന്റെ ഭാഗമായി പ്രതികൾ തമ്മിൽ നടത്തിയ ആശയവിനിമയങ്ങളുടെ വിശദാംശങ്ങളിലും എംഎൽഎയുടെ പങ്കു പരാമർശിക്കുന്നുണ്ട്.

എന്നാൽ സ്വർണക്കടത്തിന്റെ ഒരുഘട്ടത്തിലും സ്വപ്നയും എംഎൽഎയും നേരിട്ട് ഇടപെട്ടിട്ടില്ല. റമീസ് വഴിയായിരുന്നു ഇവർ തമ്മിലുള്ള ആശയവിനിമയം. സ്വർണം അടങ്ങിയ നയതന്ത്ര പാഴ്സൽ തിരുവനന്തപുരം വിമാനത്താവളത്തിൽ കസ്റ്റംസ് തടഞ്ഞുവച്ച വിവരം പുറത്തുവന്നതിന്റെ പിറ്റേന്ന് (ജൂലൈ 2) റമീസ് തന്റെ മൊബൈൽ ഫോണുകളിലൊന്നു നശിപ്പിച്ചുകളഞ്ഞതായി അന്വേഷണസംഘം പറയുന്നു. ഈ ഫോണിലേക്കാണു ബെംഗളൂരു ലഹരിമരുന്നു കേസിലെ പ്രതി അനൂപ് മുഹമ്മദും ബന്ധപ്പെട്ടിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *