ശിവശങ്കറിന്റെ നടുവ് വേദന വെറും തട്ടിപ്പെന്ന് കസ്റ്റംസ്‌

കൊച്ചി : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ നടുവ് വേദന വെറും തട്ടിപ്പ്. വേദന സംഹാരി കഴിച്ചാല്‍ മാറുന്ന അസുഖമാണ് അദ്ദേഹത്തിനുള്ളത്. നടുവ് വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയത് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ പ്രകാരമാണെന്നും കസ്റ്റംസ്. ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിക്കെതിരെ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് കസ്റ്റംസ് ഇത്തരത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്.

വെള്ളിയാഴ്ചയാണ് ശിവശങ്കറിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നത്. ചോദ്യം ചെയ്യല്‍ ഒഴിവാക്കുന്നതിനായാണ് ശിവശങ്കര്‍ അസുഖമുള്ളതായി ഭാവിച്ചത്. തുടര്‍ന്ന് ഭാര്യ ജോലി ചെയ്യുന്ന സ്വകാര്യ ആശുപത്രിയിലേക്ക് പോകണമെന്ന് അദ്ദേഹം വാശിപിടിക്കുകയായിരുന്നു. പിന്നീട് നടുവിനും കഴുത്തിനും വേദനയുള്ളതായി അറിയിച്ചതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയതെന്നും കസ്റ്റംസ് നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.

എന്നാല്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തന്നെ അറസറ്റ് ചെയ്താല്‍ ശാരീരികമായി ഉപദ്രവിക്കുമോയെന്ന് ആശങ്കയുണ്ടെന്നാണ് മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ശിവശങ്കര്‍ ആരോപിക്കുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്ബില്‍ ഇതുവരെ 60 അധികം തവണ താന്‍ ഹാജരായിട്ടുണ്ട്. 90 മണിക്കൂറുകളോളം ചോദ്യം ചെയ്തു.

നീണ്ട ചോദ്യം ചെയ്യലും ഹാജരാകാനുള്ള യാത്രകളും മൂലം അസുഖ ബാധിതനായി മാനസികമായി തകര്‍ന്നു പോകുന്ന അവസ്ഥയിലായി. ഐഎഎസ് ഓഫീസറായ തന്നെ അന്വേഷണ ഏജന്‍സികള്‍ മറ്റ് ലക്ഷ്യങ്ങള്‍ക്കായി ഒരു ക്രിമിനലിനെ പോലെ പ്രോസിക്യൂട്ട് ചെയ്യുകയാണ്. രാഷ്ട്രീയ കളിയില്‍ തന്നെ കരുവാക്കിയതാണെന്നും ശിവശങ്കറിന്റ ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *