വാളയാറില്‍ വ്യാജമദ്യം കഴിച്ച്‌ അവശനിലയിലായ ഒരാള്‍ക്കൂടി മരിച്ചു

പാലക്കാട്: വാളയാറില്‍ വ്യാജമദ്യം കഴിച്ച്‌ അവശനിലയിലായ ഒരാള്‍ക്കൂടി മരിച്ചു. ചെല്ലന്‍ കാവ് സ്വദേശി മൂര്‍ത്തി ആണ് മരിച്ചത്. അവശനിലയില്‍ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ നിന്ന് മുങ്ങുകയായിരുന്നു.

പിന്നീട് പാലക്കാട് സുല്‍ത്താന്‍പേട്ടയില്‍ ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പുതുശ്ശേരി പഞ്ചായത്തിലെ ചെല്ലങ്കാവ് ആദിവാസി കോളനിയിലെ 4 പേരാണ് ഇന്നലെയും ഇന്നുമായി മരിച്ചത്. ചെല്ലന്‍കാവ് കോളനിയിലെ അയ്യപ്പന്‍, ശിവന്‍, രാമന്‍ എന്നിവരാണ് നേരത്തെ മരിച്ച മൂന്നുപേര്‍. ഞായറാഴ്ച രാവിലെ അയ്യപ്പനും വൈകീട്ട് രാമനും മരിച്ചിരുന്നു.

തിങ്കളാച രാവിലെ ശിവനെ മരിച്ച നിലയില്‍ കണ്ടതോടെയാണ് മദ്യദുരന്തമെന്ന സംശയം ഉയരുന്നത്. ഇവരെല്ലാം കഴിഞ്ഞ ദിവസം അമിതമായി മദ്യപിച്ചിരുന്നെന്നും ശിവനാണ് മദ്യമെത്തിച്ചതെന്നും കോളനി നിവാസികള്‍ പറഞ്ഞു. അടക്കം ചെയ്ത മൃതദേഹങ്ങള്‍ പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യും. ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം വന്നതിന് ശേഷമേ മരണകാരണം വ്യക്തമാകു. ലഹരിക്ക് വീര്യം കൂട്ടാന്‍ സാനിറ്റൈസറോ സ്പിരിറ്റോ ഉപയോഗിച്ചെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *