കോഴിക്കോട് ബൈപ്പാസ് ആറു വരിപാതയ്ക്ക് തറക്കല്ലിട്ടു

കോഴിക്കോട്: ജില്ലയിലെ രണ്ട് പദ്ധതികളടക്കം സംസ്ഥാനത്തെ എട്ട് ദേശീയപാത പദ്ധതികളുടെ ശിലാസ്ഥാപനവും പദ്ധതി സമര്‍പ്പണവും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു. 1120 കോടി രൂപ മുടക്കി കേന്ദ്രസര്‍ക്കാര്‍ നിര്‍മിച്ച കഴക്കൂട്ടം-മുക്കോല ബൈപ്പാസിലെ ഇരുപത്തിയാറര കിലോമീറ്റര്‍ നീളമുളള റോഡിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നവഭാരതം എന്ന ദര്‍ശനത്തിന്റെ ചുവടു പിടിച്ച്‌, ഭാരത് മാല പദ്ധതി പോലെയുള്ള മുന്നേറ്റങ്ങളിലൂടെ ലോകോത്തര നിലവാരമുള്ള ഗതാഗത അടിസ്ഥാനസൗകര്യവികസനത്തിന് പ്രത്യേക പ്രാധാന്യം നല്‍കിയിട്ടുള്ളതായി ഗഡ്കരി പറഞ്ഞു.

ഭാരത് മാല പദ്ധതിയുടെ ‘ഭാഗമായി 35000 കിലോമീറ്റര്‍ ദൂരത്തിലുള്ള ദേശീയപാത വികസനമാണ് രാജ്യത്ത് നടപ്പാക്കുന്നത്. ഇതില്‍ 1234 കിലോമീറ്റര്‍ ദൂരം കേരളത്തിലാണ്. ഇതിനു പുറമേ 119 കിലോമീറ്റര്‍ ദൂരത്തില്‍ പ്രത്യേക തുറമുഖ പാതകള്‍, ഭാരത് മാല, സാഗര്‍മാല പദ്ധതിക്ക് കീഴില്‍ നിര്‍മ്മിക്കാനും ഉദ്ദേശിക്കുന്നു. കാസര്‍ഗോഡ്, തലശ്ശേരി, കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, കൊച്ചി, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കുമുള്ള മെച്ചപ്പെട്ട ഗതാഗതം ഇടനാഴിയുടെ ഭാഗമായി യാഥാര്‍ഥ്യമാക്കുമെന്നും നിതിന്‍ ഗഡ്ഗരി പറഞ്ഞു.

ഉപരിതല ഗതാഗത സഹമന്ത്രി ജനറല്‍ റിട്ട. ഡോ. വി.കെ. സിംഗ്, കേന്ദ്രവിദേശ പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരന്‍, കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ ഓണ്‍ലൈനിലൂടെ ചടങ്ങില്‍ പങ്കെടുത്തു.

ദേശീയപാത 66 കടന്നുപോകുന്ന കോഴിക്കോട് ബൈപ്പാസിലെ വെങ്ങളം ജംഗ്ഷന്‍ മുതല്‍ രാമനാട്ടുകര വരെ 28.4 കി.മീറ്റര്‍ ആറു വരിയായി വികസിപ്പിക്കുന്ന പദ്ധതിയാണ് ഇന്നലെ തറക്കല്ലിട്ട ആദ്യ പദ്ധതി. പാലോളിപാലം മുതല്‍ മൂരാട് പാലം വരെ രണ്ടു കിലോ മീറ്ററുള്ള ആറ് വരി പാതയുടെയും രണ്ട് പാലങ്ങളുടെയും നിര്‍മ്മാണവും അനുബന്ധജോലികളുമാണ് രണ്ടാമത്തേത്.

വെങ്ങളം ജംഗ്ഷന്‍ മുതല്‍ രാമനാട്ടുകര വരെ 28.4 കി.മീറ്റര്‍ ആറു വരിയായി വികസിപ്പിക്കുന്ന പ്രവൃത്തികള്‍ക്കായി 1853 കോടിയാണ് കേന്ദ്രം അനുവദിച്ചത്. ഏഴ് മേല്‍പ്പാലങ്ങള്‍, 16 അടിപ്പാത, രണ്ട് മേല്‍പ്പാത (ഓവര്‍പാസ്), 103 കള്‍വര്‍ട്ടുകള്‍ തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കും. ഇതില്‍ തൊണ്ടയാടും രാമനാട്ടുകര ജങ്ഷനിലുമുള്ള പാലങ്ങളുടെ വീതികൂട്ടും. മലാപ്പറമ്ബ് ജംഗ്ഷനില്‍ 600 മീറ്ററോളം ഭൂഗര്‍ഭ പാതയായാണ് ബൈപ്പാസ് കടന്നുപോവുക. മൊകവൂര്‍, കൂടത്തുംപാറ, അമ്ബലപ്പടി, വയല്‍ക്കര എന്നിവിടങ്ങളില്‍ അടിപ്പാതകളും നിര്‍മിക്കുന്നുണ്ട്. പന്തീരാങ്കാവിലായിരിക്കും ടോള്‍ ബൂത്ത്. ചെലവിന്റെ 40 ശതമാനം ആദ്യഘട്ടത്തില്‍ ദേശീയപാത അതോറിറ്റി കരാറുകാര്‍ക്ക് നല്‍കും. ബാക്കി നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിനനുസരിച്ചാണ് കൈമാറുക.

ദേശീയപാത 66ലെ പാലോളിപാലം മുതല്‍ മൂരാട് പാലം വരെ രണ്ടു കിലോ മീറ്ററുള്ള ആറ് വരി പാതയുടെ നിര്‍മ്മാണവും അനുബന്ധജോലികള്‍ക്കുമായി 210 കോടിയാണ് അനുവദിച്ചത്. 68.5 കോടി രൂപ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും 128 കോടി രൂപ ഭൂമിയേറ്റെടുക്കലിനും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കുമാണ് വകയിരുത്തിയിരിക്കുന്നത്. രണ്ട് പാലങ്ങളുടെ നിര്‍മ്മാണം, അനുബന്ധ റോഡ്, കള്‍വര്‍ട്ട് നിര്‍മ്മാണം തുടങ്ങിയവയാണ് പദ്ധതിയിലുള്ളത്.

കലക്‌ട്രേറ്റില്‍ നടന്ന ചടങ്ങില്‍ എം.കെ. രാഘവന്‍ എംപി, എ. പ്രദീപ്കുമാര്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ എസ്. സാംബശിവറാവു, ദേശീയപാത അതോറിറ്റി കൊച്ചി ടെക്‌നിക്കല്‍ ജനറല്‍ മാനേജര്‍ ആന്റ് പ്രൊജക്‌ട് ഡയറക്ടര്‍ ജെ. ബാലചന്ദര്‍, കോഴിക്കോട് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ആന്റ് പ്രൊജക്‌ട് ഡയറക്ടര്‍ നിര്‍മ്മല്‍ എം. സാഡേ, കൊച്ചി ടെക്‌നിക്കല്‍ മാനേജര്‍ ദേബപ്രസാദ് സാഹു തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *