സ്‌കൂളില്‍ നിന്നും അജ്ഞാത സ്ത്രീ മൂന്നാം ക്ലാസുകാരിയുടെ കമ്മല്‍ ഊരിവാങ്ങി മുങ്ങി

തിരുവനന്തപുരം: പൂവച്ചല്‍ സര്‍ക്കാര്‍ യു.പി. സ്‌കൂളില്‍ അജ്ഞാത സ്ത്രീ മൂന്നാം ക്ലാസുകാരിയുടെ കമ്മല്‍ ഊരിവാങ്ങി മുങ്ങി. സമാനമായി അഞ്ചുകിലോമീറ്റര്‍ അകലെയുള്ള വീരണകാവിലെ സ്‌കൂളിലും സമാനമായി കമ്മല്‍ ഊരിവാങ്ങാന്‍ ശ്രമമുണ്ടായെങ്കിലും കുട്ടി ബഹളം വച്ചതിനാല്‍ പരാജയപ്പെട്ടു.


ചൊവ്വാഴ്ച രാവിലെ പത്തരയോടെ പൂവച്ചല്‍ സ്‌കൂളിലെത്തിയ സ്ത്രീ വിദ്യാര്‍ഥിനിയോട് അമ്മ പറഞ്ഞയച്ചതാണെന്നു പറഞ്ഞു കമ്മല്‍ ഊരിവാങ്ങുകയായിരുന്നു. കുട്ടി വീട്ടിലെത്തിയപ്പോള്‍ രക്ഷിതാക്കള്‍ അന്വേഷിച്ചതോടെയാണു തട്ടിപ്പ് പുറത്തായത്. ഇന്റര്‍വെല്ലിനു പുറത്തിറങ്ങിയ കുട്ടിയോട് , അമ്മ തൊട്ടടുത്തുള്ള ധനകാര്യ സ്ഥാപനത്തില്‍ നില്‍ക്കുന്നുണ്ടെന്നും പണയം വയ്ക്കാന്‍ കമ്മല്‍ നല്‍കാന്‍ പറഞ്ഞുവെന്നും സ്ത്രീ പറയുകയായിരുന്നു. സംഭവം അധ്യാപകരുടെ ശ്രദ്ധയില്‍പെടാത്തതിനാല്‍ സംഭവം ആരും അറിഞ്ഞതുമില്ല. രക്ഷിതാക്കള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നു സ്‌കൂള്‍ അധികൃതര്‍ ഇന്നലെ കാട്ടാക്കട പൊലീസില്‍ പരാതി നല്‍കി.സ്‌കൂളിലെ സിസിടിവിയില്‍ 10.36നു സ്‌കൂളിലേക്കു ചുവന്ന സാരി ധരിച്ച സ്ത്രീ പ്രവേശിക്കുന്നതും 11.15നു സ്‌കൂളില്‍നിന്നു പുറത്തേക്കു പോകുന്നന്നതിന്റെയും ദൃശ്യം പൊലീസിനു ലഭിച്ചു. കൂറ്റന്‍ മതിലും സുരക്ഷാ ജീവനക്കാരനുമൊക്കെയുള്ള സ്‌കൂളില്‍ പുറത്തുനിന്നൊരാള്‍ പ്രവേശിച്ചു കുട്ടിയോട് ഇടപഴകിയത് ആരുടെയും ശ്രദ്ധയില്‍പെടാത്തതു രക്ഷിതാക്കളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
വീരണകാവ് സ്‌കൂളില്‍ രാവിലെ ഒന്‍പതോടെയാണ് സമാനസംഭവം നടന്നത്. ഇവിടെ സ്‌കൂളിനു പുറത്തു വച്ചാണ് കുട്ടിയുടെ കമ്മല്‍ ഊരിവാങ്ങാന്‍ ശ്രമിച്ചത്. എന്നാല്‍, കുട്ടി ബഹളം വച്ചതോടെ ഇവിടെനിന്ന് ഇവര്‍ മുങ്ങുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *