സര്‍ക്കാര്‍ അറിയിപ്പുകള്‍, വാര്‍ത്തകള്‍…(10-10-2020)

കണ്ടെയിന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം കോര്‍പ്പറേഷനു കീഴിലെ കിണവൂര്‍, മെഡിക്കല്‍ കോളേജ്, മുട്ടട, ചെട്ടിവിളാകം, കുറവന്‍കോണം, നന്ദന്‍കോട്, കുന്നുകുഴി, പേരൂര്‍ക്കടയിലെ ആയൂര്‍കോണം പ്രദേശം, കൊടുങ്ങാനൂര്‍, ഹാര്‍ബര്‍, കണ്ണമ്മൂല, തൈക്കാട്, കരമന, പി.റ്റി.പി നഗര്‍, കൊല്ലയില്‍ ഗ്രാമപഞ്ചായത്തിലെ പുതുശ്ശേരി മഠം, എയ്തുകൊണ്ടകാണി, വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തിലെ നെല്ലിവിള, മാവുവിള, തിരുപുറം ഗ്രാമപഞ്ചായത്തിലെ പുലവാങ്ങല്‍, പോത്തന്‍കോട് ഗ്രാമപഞ്ചായത്തിലെ പോത്തന്‍കോട് ടൗണ്‍, കഠിനംകുളം ഗ്രാമപഞ്ചായത്തിലെ ചേരമണ്‍തുരുത്ത്, വിളയില്‍ക്കുളം, പുത്തന്‍തോപ്പ് നോര്‍ത്ത്, പുതുക്കുറിച്ചി നോര്‍ത്ത്, അണ്ടൂര്‍കോണം ഗ്രാമപഞ്ചായത്തിലെ കൊയ്തൂര്‍കോണം, ആര്യനാട് ഗ്രാമപഞ്ചായത്തിലെ മീനങ്കല്‍, പറണ്ടോട്, പുറുത്തിപ്പാറ, കരവാരം ഗ്രാമപഞ്ചായത്തിലെ ഞാറക്കാട്ടുവിള, കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്തിലെ മൂന്നുമുക്ക്, അഴൂര്‍ ഗ്രാമപഞ്ചായത്തിലെ മാടന്‍വിള എന്നീ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളോടു ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആരുംതന്നെ കണ്ടെയിന്‍മെന്റ് സോണിനു പുറത്തു പോകാന്‍ പാടില്ലെന്നു കളക്ടര്‍ അറിയിച്ചു.

കണ്ടെയിന്‍മെന്റ് സോണ്‍ പിന്‍വലിച്ചു

നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ കടമ്പാട്ടുകോണം, പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ കൊടുവഴന്നൂര്‍(വലിയവിള, പ്ലാവിള, മീന്താങ്ങി പ്രദേശങ്ങള്‍), പോത്തന്‍കോട് ഗ്രാമപഞ്ചായത്തിലെ വാവരമ്പലം വാര്‍ഡ്(വാവരമ്പലം ജംഗ്ഷന്‍, ഇടത്തറ), മലയിന്‍കീഴ് ഗ്രാമപഞ്ചായത്തിലെ ചിട്ടിയൂര്‍കോട്, അരുവിക്കര ഗ്രാമപഞ്ചായത്തിലെ പാണ്ടിയോട്, ഇരുമ്പ, പാറശ്ശാല ഗ്രാമപഞ്ചായത്തിലെ പാവതിയന്‍വിള, നെടുവന്‍വിള, ആര്യങ്കോട് ഗ്രാമപഞ്ചായത്തിലെ മഞ്ചംകോട് എന്നീ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

കോവിഡ്: ഒക്ടോബർ, നവംബർ മാസങ്ങൾ നിർണായകം- മുഖ്യമന്ത്രി
ഒക്ടോബർ, നവംബർ മാസങ്ങൾ കേരളത്തിലെ കോവിഡ് വ്യാപനത്തേയും അതുമൂലമുള്ള മരണ നിരക്കിനേയും സംബന്ധിച്ച് ഏറ്റവും നിർണ്ണായകമായ ഘട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ മാസങ്ങളിൽ കൂടുതൽ ഫലപ്രദമായി പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ നമുക്ക് കഴിയണം. എങ്കിൽ മരണങ്ങൾ അധികമാകുന്നത് വലിയ തോതിൽ തടയാൻ സാധിക്കും.
പതിനായിരത്തിനു മുകളിൽ ഒരു ദിവസം കേസുകൾ വരുന്ന സാഹചര്യമാണിപ്പോൾ. ടെസ്റ്റുകളുടെ എണ്ണം കൂട്ടിയിട്ടും ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10 ശതമാനത്തിനു മുകളിൽ നിൽക്കുന്നത് കേസുകളുടെ എണ്ണം ഇനിയും ഉയരുമെന്ന് തന്നെയാണ് സൂചിപ്പിക്കുന്നത്.
നമ്മുടെ തൊട്ടടുത്തുള്ള സംസ്ഥാനങ്ങളിൽ ഈ പകർച്ചവ്യാധി അതിശക്തമായി തുടരുന്ന കാഴ്ചയാണ്. കർണ്ണാടകത്തിൽ 6,66,000 കേസുകളും തമിഴ്‌നാട്ടിൽ 6,35,000 കേസുകളും ഇതുവരെ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. രണ്ടു സംസ്ഥാനങ്ങളിലും മരണസംഖ്യ പതിനായിരത്തോട് അടുക്കുകയാണ്. കർണ്ണാടകയുടെ ജനസാന്ദ്രത 319 ഉം തമിഴ്‌നാടിന്റെ ജനസാന്ദ്രത 555ഉം ആണെങ്കിൽ കേരളത്തിന്റെ ജനസാന്ദ്രത 859 ആണ് എന്നോർക്കണം.
രോഗവ്യാപനം അതിന്റെ ഉച്ചസ്ഥായിൽ എത്തിക്കുന്നത് വൈകിപ്പിക്കാൻ ഇവിടെ സാധിച്ചു. രോഗവ്യാപനത്തോത് പിടിച്ചു നിർത്തിയത് വഴി കോവിഡ് പ്രതിരോധത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും ആരോഗ്യ സംവിധാനത്തെ ശക്തമാക്കാനും സർക്കാരിനു സാവകാശം ലഭിച്ചു. ഇപ്പോൾ നമുക്ക് ഓരോ തദ്ദേശഭരണ സ്ഥാപനത്തിനു കീഴിലും പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ ഉണ്ട്. പതിനായിരക്കണക്കിനു ബെഡുകൾ സജ്ജമാണ്. ലാബ് സൗകര്യങ്ങൾ ആയി. കോവിഡ് സ്‌പെഷ്യൽ ആശുപത്രികൾ തയ്യാറായി. ഇങ്ങനെ കൃത്യമായ ആസൂത്രണത്തോടെ രോഗികളെ ചികിത്സിക്കാനുള്ള സംവിധാനങ്ങൾ സജ്ജമാക്കി. മരണസംഖ്യ മറ്റിടങ്ങളിലേക്കാൾ കുറവായിരിക്കാൻ കാരണം ഈ ആസൂത്രണ മികവും ആരോഗ്യ പ്രവർത്തകരുടെ അർപ്പണബോധവും അദ്ധ്വാനവുമാണ്. ഡോക്ടർമാർ, നഴ്‌സുമാർ, ലാബ് ടെക്‌നീഷ്യൻമാർ, ഫാർമസിസ്റ്റുകൾ, ക്ലീനിങ്ങ് സ്റ്റാഫ് തുടങ്ങി ആരോഗ്യമേഖലയിലെ ഓരോ അംഗത്തിന്റേയും നിസ്വാർത്ഥമായ സേവനമാണ് നമ്മെ കാത്തു രക്ഷിച്ചത്.
വിദഗ്ധർ അഭിപ്രായപ്പെട്ടതു പോലെ ഈ അവസരത്തിൽ നമ്മുടെ രോഗപ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കേണ്ടതുണ്ട്. പക്ഷേ, കഴിഞ്ഞ 8 മാസങ്ങളായി അവിശ്രമം പ്രയത്‌നിക്കുന്ന നമ്മുടെ ആരോഗ്യ പ്രവർത്തകർ ക്ഷീണിതരാണെന്നു നമ്മൾ മനസ്സിലാക്കണം. പൊതുജന പിന്തുണ അവർക്ക് ഏറ്റവും ആവശ്യമുള്ള ഘട്ടമാണിത്. അതു പരിപൂർണമായും അവർക്കു നൽകുന്നതിനു നാം തയ്യാറാകണം. അവരുടെ നിർദ്ദേശങ്ങൾ അക്ഷരംപ്രതി പാലിക്കാനും രോഗവ്യാപനം തടയുന്നതിന് ഒത്തൊരുമിച്ചു നിൽക്കാനുമുള്ള സന്നദ്ധത എല്ലാവരും കാണിക്കണം.
ആരോഗ്യ പ്രവർത്തകർക്ക് പിന്തുണ നൽകുന്നതിനായാണ് കോവിഡ് ബ്രിഗേഡ് രൂപീകരിച്ചത്. അതിന്റെ ഭാഗമായി 18957 പേർ രജിസ്റ്റർ ചെയ്തു. അവരിൽ 9325 പേർ മെഡിക്കൽ വിഭാഗത്തിൽ പെട്ടവരാണ്. 543 പേർ എംബിബിഎസ് ഡോക്ടർമാരുമാണ്. ഈ ഘട്ടത്തിൽ നമുക്ക് കൂടുതൽ ഡോക്ടർമാരുടെ സേവനം അത്യാവശ്യമായി വന്നിരിക്കുന്നു. അത് മനസ്സിലാക്കി കൂടുതൽ ഡോക്ടർമാർ കോവിഡ് ബ്രിഗേഡിൽ രജിസ്റ്റർ ചെയ്യണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു.നിങ്ങളുടെ സേവനം നാടിന് അനിവാര്യമായിരിക്കുന്ന ഘട്ടമാണിത്. പരമാവധി ആരോഗ്യ വിദഗ്ധരും സന്നദ്ധ പ്രവർത്തകരും കോവിഡ് ബ്രിഗേഡിന്റെ ഭാഗമാകാൻ മുന്നോട്ടു വരണമെന്ന് അദ്ദേഹം പറഞ്ഞു.
രോഗവ്യാപനം തടയാൻ നടപടികൾ ജനങ്ങൾ ഏറ്റെടുക്കേണ്ടതുണ്ട്. പല പ്രദേശങ്ങളിലും പ്രഖ്യാപിച്ച നിയന്ത്രണങ്ങളോട് പൂർണ്ണമായും സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പഞ്ചായത്തുകളും നഗരസഭകളും ശുചിത്വ പദവിയില്‍

ജില്ലയിലെ 47 ഗ്രാമപഞ്ചായത്തുകള്‍, തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഉള്‍പ്പെടെ അഞ്ച് നഗരസഭകള്‍, അഞ്ച് ബ്ലോക്ക് പഞ്ചായത്തുകള്‍ എന്നിവയുടെ ശുചിത്വ പദവി പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നിര്‍വഹിച്ചു. ശുദ്ധവും സമൃദ്ധവുമായ കേരളത്തെ കെട്ടിപ്പടുക്കുന്നതില്‍ ഹരിതകേരളം മിഷന്‍ വലിയ പങ്കുവഹിച്ചതായി അദ്ദേഹം പറഞ്ഞു. ജനസ്രോതസ്സുകള്‍ വീണ്ടെടുത്ത് ജലഗുണം ഉറപ്പുവരുത്താന്‍ മിഷനു കഴിഞ്ഞു. നെല്‍കൃഷി, പച്ചക്കറികൃഷി എന്നിവ വലിയതോതില്‍ വര്‍ദ്ധിപ്പിച്ചു. മാലിന്യ സംസ്‌കരണ രംഗത്തും വലിയ മാറ്റങ്ങള്‍ മിഷന്റെ ഭാഗമായി നടന്നു. തദ്ദേശ സ്ഥാപനങ്ങള്‍ ഈ പദ്ധതികളോട് മികച്ച രീതിയില്‍ പ്രതികരിക്കുകയും അതാത് പഞ്ചായത്തുകളില്‍ ഇവ യാഥാര്‍ത്ഥ്യമാക്കുകയും ചെയ്തു. ഇവയ്ക്കുള്ള അംഗീകാരമാണ് ശുചിത്വപദവിയെന്നും ഭൂരിഭാഗം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും സമ്പൂര്‍ണ ശുചിത്വ പദവിയിലെത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം കോര്‍പ്പറേഷന്‍, വര്‍ക്കല, ആറ്റിങ്ങല്‍, നെടുമങ്ങാട്, നെയ്യാറ്റിന്‍കര നഗരസഭകള്‍, പാറശാല, കിളിമാനൂര്‍, വര്‍ക്കല, നെടുമങ്ങാട്, വെള്ളനാട് ബ്ലോക്ക് പഞ്ചായത്തുകള്‍ എന്നിവ ശുചിത്വപദവി നേടി. പാറശ്ശാല, ചെങ്കല്‍, കാരോട്, കുളത്തൂര്‍, പൂവ്വാര്‍, കരുംകുളം, കാഞ്ഞിരംകുളം, അതിയന്നൂര്‍, കൊല്ലയില്‍, പെരുങ്കടവിള, കള്ളിക്കാട്, ആര്യങ്കോട്, പൂവച്ചല്‍, വെള്ളനാട്, തൊളിക്കോട്, വിതുര, കാട്ടാക്കട, മലയിന്‍കീഴ്, ബാലരാമപൂരം, അരുവിക്കര, കരകുളം, ആനാട്, വെമ്പായം, പെരിങ്ങമ്മല, പാങ്ങോട്, വാമനപുരം, നന്ദിയോട്, മാണിക്കല്‍, അണ്ടൂര്‍ക്കോണം, മംഗലപുരം, കിഴുവിലം, വക്കം, മണമ്പൂര്‍, ചെമ്മരുതി, ഒറ്റൂര്‍, വെട്ടൂര്‍, ഇടവ, ഇലകമണ്‍, ചെറുന്നിയൂര്‍, കിളിമാനൂര്‍, മടവൂര്‍, കരവാരം, പഴയകുന്നുമ്മേല്‍, പുളിമാത്ത്, നാവായിക്കുളം, പള്ളിക്കല്‍, നഗരൂര്‍ എന്നിവയാണ് ശുചിത്വ പദവി നേടിയ ഗ്രാമപഞ്ചായത്തുകള്‍.

തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ഹരിതകര്‍മ്മ സേനയുടെ പ്രവര്‍ത്തനം, ഉറവിടത്തില്‍ പാഴ് വസ്തുക്കള്‍ തരംതിരിക്കല്‍, ശേഖരണ സംവിധാനം ഒരുക്കല്‍, കൃത്യമായ ഇടവേളകളില്‍ കെട്ടിക്കിടക്കാതെ പുന:ചംക്രമണത്തിനും മറ്റുമായി കൈ മാറ്റം ചെയ്യല്‍, മാലിന്യക്കൂമ്പാരങ്ങള്‍ ഇല്ലാതെയും പൊതുനിരത്തുകളും ജലാശയങ്ങളും വൃത്തിയായി കാത്ത് സൂക്ഷിക്കല്‍ ഹരിതചട്ട പരിപാലനം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് ശുചിത്വ പദവി നല്‍കിയത്.

തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്ദീന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, ഹരിതകേരളം മിഷന്‍ എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ടി.എന്‍ സീമ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി ശാരദാ മുരളീധരന്‍, ജനപ്രതിനിധികള്‍, നവകേരളം മിഷന്‍ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നടന്ന പ്രത്യേക ചടങ്ങില്‍ സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കോര്‍പ്പറേഷന്റെ ശുചിത്വ പദവി പ്രഖ്യാപനം നടത്തി. പ്രശസ്തി പത്രവും അവാര്‍ഡും മന്ത്രി മേയര്‍ കെ. ശ്രീകുമാറിന് കൈമാറി. കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ വികേന്ദ്രീകൃത മാലിന്യ പരിപാലന പദ്ധതി മാതൃകാപരമാണെന്ന് ചടങ്ങില്‍ മന്ത്രി പറഞ്ഞു. ശുചിത്വ പദവി കൈവരിക്കുന്നതിനായി പ്രയത്‌നിച്ച കോര്‍പ്പറേഷന്‍ ഭരണസമിതിയെയും ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാര്‍, ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ എന്നിവര്‍ പങ്കെടുത്തു.

അച്ചടി വകുപ്പിൽ 100 കോടിയുടെ  നവീകരണം നടത്തും: മുഖ്യമന്ത്രി

കിഫ്ബിയില്‍ നിന്നും 100 കോടി ചെലവഴിച്ച് അച്ചടി വകുപ്പിനെ നവീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മണ്ണന്തല സര്‍ക്കാര്‍ പ്രസ്സിലെ നൂതന മള്‍ട്ടി കളര്‍ വെബ്ബ് ഓഫ്‌സെറ്റ് പ്രിന്റിംഗ് മെഷീന്റെ പ്രവര്‍ത്തനോദ്ഘാടനം  ഓണ്‍ലൈനായി നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അച്ചടി രംഗം ഇന്ന് മാറ്റങ്ങളുടെ പാതയിലാണ്. മാറ്റങ്ങള്‍ക്കനുസരിച്ച് വകുപ്പിനെയും നവീകരിക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് അത്യാധുനിക സവിശേഷതകളുള്ള പുതിയ ഓഫ്‌സെറ്റ് മെഷീന്‍ സ്ഥാപിച്ചത്. ഇതിലൂടെ എല്ലാവിധ അച്ചടി ജോലികളും മികച്ചരീതിയിലും വേഗത്തിലും ചെയ്തു തീര്‍ക്കാന്‍ സാധിക്കും. പാഠപുസ്തകം, കലണ്ടര്‍, ഡയറി, ലോട്ടറി മുതലായവ ഇവിടെ അച്ചടിക്കാന്‍ കഴിയും. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പനി/ബോര്‍ഡുകള്‍, യൂണിവേഴ്‌സിറ്റികള്‍ എന്നിവയുടെ അച്ചടി ജോലികള്‍ മണ്ണന്തല പ്രസില്‍ നിര്‍വഹിക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ അച്ചടിവകുപ്പിന് ഐ.എസ്.ഒ 9001:2015 അംഗീകാരം ലഭിച്ചതിന്റെ പ്രഖ്യാപനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു.

4.5 കോടി ചെലവിട്ടാണ് മള്‍ട്ടി കളര്‍ വെബ്ബ് ഓഫ്‌സെറ്റ് പ്രിന്റിംഗ് മെഷീന്‍ സ്ഥീപിച്ചത്. ഒരേ സമയം 32 പേജ് വരെ ഒരുമിച്ചു പ്രിന്റ് ചെയ്യാന്‍ മെഷീനു സാധിക്കും. ഇതിലൂടെ മണിക്കൂറില്‍ 32,000 കോപ്പി പുസ്തകങ്ങള്‍ വരെ അച്ചടിക്കാനാകും. 15 ഏക്കറില്‍ 12,031 ചതുരശ്ര അടിയില്‍ സ്ഥിതി ചെയ്യുന്ന സ്ഥാപനം സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ പ്രസ്സാണ്. മൂന്ന് ഷിഫ്റ്റുകളിലായി 300 ജീവനക്കാരാണ് പ്രസില്‍ ജോലി നോക്കുന്നത്.

ചടങ്ങില്‍ സഹകരണം-ദേവസ്വം-ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മണ്ണന്തല വാര്‍ഡ് കൗണ്‍സിലര്‍ എന്‍. അനില്‍ കുമാര്‍, അച്ചടി വകുപ്പ് ഡയറക്ടര്‍ എ. ജെയിംസ് രാജ്, മണ്ണന്തല പ്രസ്സ് ഡെപ്യൂട്ടി സൂപ്രണ്ട് വി. ജയകുമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. മണ്ണന്തല പ്രസ്സ് അങ്കണത്തില്‍ നടന്ന പ്രത്യേക ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രിന്റിംഗ് മെഷീനിന്റെ സ്വിച്ച്-ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് അച്ചടി വകുപ്പ് ഡയറക്ടര്‍ എ. ജെയിംസ് രാജ് മേയര്‍ കെ. ശ്രീകുമാറിന്റെ കൈയില്‍ നിന്നും ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *