റിപ്പോ- റിവേഴ്‌സ് റിപ്പോ നിരക്കില്‍ മാറ്റമില്ല

ന്യൂഡല്‍ഹി: റിപ്പോ- റിവേഴ്‌സ് റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്. ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശനിരക്കായ റിപ്പോനിരക്ക് 4 ശതമാനമായി തുടരുമെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് മാധ്യമങ്ങളോട് പറഞ്ഞു. ബാങ്കുകളുടെ നിക്ഷേപത്തിന് റിസര്‍വ് ബാങ്ക് നല്‍കുന്ന പലിശനിരക്കായ റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനമായി തുടരുമെന്നും ശക്തികാന്ത ദാസ് പറഞ്ഞു.
ബാങ്ക് നിരക്കും മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫെസിലിറ്റിയും അതേപോലെ തുടരും. നിലവില്‍ 4.2 ശതമാനമാണ് ബാങ്ക് നിരക്ക്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സമ്ബദ്വ്യവസ്ഥയില്‍ പ്രതിസന്ധി തുടരുകയാണ്. ഇത് കണക്കിലെടുത്ത് പലിശനിരക്ക് കുറച്ച്‌ വിപണിയില്‍ കൂടുതല്‍ പണലഭ്യത ഉറപ്പാക്കുന്ന നിലപാട് തുടരുമെന്നും ശക്തികാന്ത ദാസ് അറിയിച്ചു.

പണവായ്പ നയസമിതി പുനഃസംഘടിപ്പിച്ചതിന് ശേഷമുളള ആദ്യ പണവായ്പ നയ അവലോകന യോഗത്തിലാണ് തുരുമാനം. മൂന്ന് പുതിയ സ്വതന്ത്രാംഗങ്ങള്‍ ചുമതലയേറ്റശേഷം നടന്ന ആദ്യയോഗത്തില്‍ അംഗങ്ങളെല്ലാവരും റിപ്പോ നിരക്ക് നാലുശതമാനത്തില്‍ നിലനിര്‍ത്തുന്നതിന് അനുകൂലമായി വോട്ടുചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *