ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ് വീട്ടുതടങ്കലില്‍

ലക്‌നൗ: ഹഥ്‍രസ് കൂട്ടബലാത്സംഗവുമായി ബന്ധപ്പെട്ട പ്രതിഷേധത്തില്‍ പങ്കെടുത്തതിന് ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ് വീട്ടുതടങ്കലില്‍. യു. പി സഹാറന്‍പൂരിലെ വീട്ടിലാണ് ആസാദിനെ തടഞ്ഞുവെച്ചിരിക്കുന്നത്. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ക്രമസമാധാന പാലനത്തിന്‍റെ ഭാഗമായാണ് നടപടിയെന്നാണ് യു.പി പൊലീസ് പറയുന്നത്.

ബുധനാഴ്ച രാത്രിയോടെ, തന്നെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും സഹാരൻപുരിലെ വീട്ടിൽ തടങ്കലിലാക്കുകയും ചെയ്തുവെന്ന് ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു. ഇതിനെതിരെ പോരാടുമെന്നും ചന്ദ്രശേഖര്‍ ആസാദ് ട്വീറ്റ് ചെയ്തിട്ടുണ്ട്. ഹാഥ്‍രസിലെ ദളിത് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ക്കൊപ്പം ദില്ലിയില്‍ നിന്ന് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് തിരിച്ചപ്പോഴാണ് ചന്ദ്രശേഖര്‍ ആസാദിനെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്.

എന്നാല്‍ ചന്ദ്രശേഖര്‍ ആസാദ് വീട്ടുതടങ്കലില്‍ അല്ലെന്നും ക്രമസമാധാനപാലനത്തിനായി വീട്ടില്‍ തുടരാന്‍ നിര്‍ദേശിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് യുപി പൊലീസിന്‍റെ പ്രതികരണം.

‘നമ്മുടെ സഹോദരിയെ കുടുംബത്തിന്‍റെ അഭാവത്തിൽ, കുടുംബത്തിന്‍റെ സമ്മതമില്ലാതെ അർധരാത്രിയിൽ പൊലീസ്​ സംസ്​കരിച്ചതെങ്ങനെയാണെന്ന്​ ലോകം മുഴുവൻ കണ്ടു. സർക്കാരിന്‍റെയും പൊലീസിന്‍റെയും ധാർമികത മരിച്ചു. ബുധനാഴ്ച രാത്രിയോടെ എന്നെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും സഹാരൻപുരിലെ വീട്ടിൽ തടങ്കലിലാക്കുകയും ചെയ്തു. എങ്കിലും ഇതിനെതിരെ പോരാടും’ -ചന്ദ്രശേഖർ ആസാദ്​ ട്വീറ്റ്​ ചെയ്തു. പൊലീസ് നല്‍കിയ നോട്ടീസും അദ്ദേഹം ട്വീറ്റിനൊപ്പം നല്‍കിയിട്ടുണ്ട്.

നിരോധനാജ്ഞ പ്രഖ്യാപിച്ച മേഖലയില്‍ ചന്ദ്രശേഖര്‍ ആസാദിന്‍റെ സാന്നിധ്യം ആള്‍ക്കൂട്ടം ഉണ്ടാക്കുമെന്നും ഇത് ക്രമസമാധാനം തകരാന്‍ ഇടയാക്കുമെന്നും അതിനാല്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാനാണ് ഈ നടപടിയെന്നും പൊലീസ് നോട്ടീസില്‍ പറഞ്ഞിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *