എസ്.പി. ബാലസുബ്രഹ്‌മണ്യം അന്തരിച്ചു

ചെന്നൈ : എസ്.പി.ബാലസുബ്രഹ്‌മണ്യം (74) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ഉച്ചയ്ക്ക് 1.04നായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.

മൃതദേഹം നുങ്കംപാക്കം കാംപ്ത നഗറിലെ വസയിതിയിൽ പൊതുദർശനത്തിനുവച്ച ശേഷം ഇന്ന് രാത്രിയോടെ താമരപ്പാക്കത്തെ ഫാം ഹൗസിൽ എത്തിക്കും. സംസ്കാരം നാളെ രാവിലെ.

രാജ്യം  പത്മശ്രീയും പത്മഭൂഷണും നൽകിആദരിച്ചിട്ടുണ്ട്. മികച്ച ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ആറുതവണ നേടി. നടൻ, സംഗീത സംവിധായകൻ, ഡബ്ബിങ് ആർട്ടിസ്‌റ്റ് എന്നീ നിലകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു.

ഭാര്യ: സാവിത്രി. മക്കൾ: പിന്നണി ഗായകനും നിർമാതാവുമായ എസ്.പി.ചരൺ, പല്ലവി.

ഓഗസ്റ്റ് 5 മുതൽ ചികിത്സയിലായിരുന്നു. കോവിഡ് നെഗറ്റീവ് ആയെങ്കിലും ശ്വസന സംബന്ധമായ പ്രശ്നങ്ങൾ മൂലം വെന്റിലേറ്ററിൽ തുടരുകയായിരുന്നു. ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ഫിസിയോതെറപ്പിയോടു പ്രതികരിക്കുന്നുണ്ടെന്നും കഴിഞ്ഞ ദിവസം മകൻ അറിയിക്കുകയും ചെയ്തു. വ്യാഴാഴ്ച വൈകിട്ട് മെഡിക്കൽ ബുള്ളറ്റിനിലൂടെ എസ്പിബി ‘അതീവ ഗുരുതരാവസ്ഥയിൽ’ ആണെന്ന് പുറംലോകം അറിഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിൽ എസ്പിബിയുടെ ആരോഗ്യനില ഭേദമാകുകയും ആശുപത്രിയിൽ വിവാഹ വാർഷികം ആഘോഷിക്കുകയും ചെയ്തിരുന്നു. ആരോഗ്യം നന്നാകുന്നുവെന്നു കാണിച്ച് എസ്പിബി തന്നെ വിഡിയോയും പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ പെട്ടെന്നു സ്ഥിതി വഷളായി എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *