കര്‍ഷക ബില്ലിനെതിരെ കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധത്തിന് ഇന്ന് തുടക്കം

ന്യൂഡല്‍ഹി : കര്‍ഷക ബില്ലിനെതിരെ കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധത്തിന് തുടക്കം. രാജ്യവ്യാപക പ്രക്ഷോഭം ഇന്ന് പിസിസികളുടെ നേതൃത്വത്തില്‍ നടക്കുന്ന വാര്‍ത്ത സമ്മേളങ്ങളോടെ ആരംഭിക്കും. സര്‍ക്കാരിനെ തുറന്നുകാട്ടുകയും രാജ്യത്തെ സാഹചര്യം വിശദീകരിക്കുകയുമാണ് ലക്ഷ്യം. രാജ്ഭവന്‍ മാര്‍ച്ച്, കര്‍ഷക ദിനാചരണം, രാഷ്ട്രപതിക്ക് നിവേദനം നല്‍കല്‍ എന്നിവയും നടത്താന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.

കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തുമെന്നതിനാല്‍ അതിര്‍ത്തിയിലും മറ്റും കര്‍ശന സുരക്ഷാസംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ ഇന്ന് മുതല്‍ ട്രെയിന്‍ തടയല്‍ സമരം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.

മഹാരാഷ്ട്ര അഗ്രികള്‍ച്ചര്‍ ട്രെഡേഴ്‌സ് അടക്കം വിവിധ കര്‍ഷക സംഘടനകള്‍ ഇന്നു മുതല്‍ 26 വരെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ട്രെയിനുകള്‍ തടയാനാണ് നീക്കം. നാളെ ദേശീയ കര്‍ഷക സംയുക്ത സംഘടന ഭാരത് ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്. വിദ്യാര്‍ഥി സംഘടനകള്‍ അടക്കം ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു. രാജ്യം സാക്ഷിയാകുന്ന ഏറ്റവും വലിയ കര്‍ഷക പ്രക്ഷോഭമാകും നാളത്തേതെന്ന് നേതാക്കള്‍ പ്രതികരിച്ചു.

ഹരിയാനയിലെ അംബാലയിലും പഞ്ചാബിലെ അമൃത്സറിലും കര്‍ഷകര്‍ വലിയ തോതില്‍ സംഘടിച്ചിട്ടുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഡല്‍ഹിയിലേക്ക് കര്‍ഷക മാര്‍ച്ചുകള്‍ തുടരുകയാണ്. പാനിപ്പത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ കര്‍ഷകരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചാണ് തിരിച്ചയച്ചത്. പ്രതിഷേധങ്ങളെ നേരിടാന്‍ ഡല്‍ഹി അതിര്‍ത്തികളില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *