കന്‍റോണ്‍മെന്റ് എ.സി ഉള്‍പ്പെടെ കൂടുതല്‍ പോലീസുകാര്‍ക്ക് കോവിഡ്; സമ്പര്‍ക്കപട്ടിക വിപുലം

തിരുവനന്തപുരം: കന്‍റോണ്‍മെന്റ് അസിസ്റ്റന്‍റ് കമ്മീഷണർ ഉൾപ്പടെ കൂടുതൽ പോലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ തലസ്ഥാനത്ത് ആശങ്കയേറി. സെക്രട്ടറിയേറ്റിന് മുന്നിലെ സമരം നിയന്ത്രിക്കുന്നതിനടക്കം ചുമതലയുണ്ടായിരുന്ന അസിസ്റ്റന്റ് കമ്മീഷണറുടെ സമ്പര്‍ക്ക പട്ടികയില്‍ മന്ത്രിമാരടക്കമുള്ളവരുണ്ട്. ഗണ്‍മാന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറും നിരീക്ഷണത്തില്‍ പോയി.

കന്‍റോണ്‍മെന്‍റ് അസിസ്റ്റന്‍റ് കമ്മീഷണര്‍, സിറ്റി പോലീസ് കമ്മീഷണറുടെ ഗണ്‍മാന്‍, തുമ്പ സ്റ്റേഷനിലെ ആറ് പോലീസുകാര്‍ എന്നിവര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. മന്ത്രി കെ.ടി ജലീലിന്‍റെ രാജിയാവശ്യപ്പെട്ട് കഴിഞ്ഞ ഒമ്പത് ദിവസങ്ങളിലായി സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്ന സമരങ്ങള്‍ നിയന്ത്രിക്കുന്നതിന് കന്‍റോണ്‍മെന്‍റ് അസിസ്റ്റൻറ് കമ്മീഷണറും എത്തിയിരുന്നു. ഇത് സമ്പർക്ക പട്ടിക സങ്കീര്‍ണമാക്കിയിട്ടുണ്ട്.

ഇന്ന് മുഖ്യമന്ത്രിയും, മന്ത്രി കടകംപള്ളി സുരേന്ദ്രനും മറ്റു ജനപ്രതിനിധികളും പങ്കെടുത്ത പരിപാടിയില്‍ എസിപി എത്തിയിരുന്നു. കഴിഞ്ഞ ദിവസം പോലീസ് ആസ്ഥാനത്തിന് മുന്നിൽ എം.എൽ.എമാരായ ഷാഫി പറമ്പിൽ, കെ.എസ് ശബരിനാഥൻ എന്നിവരുടെ നേതൃത്വത്തിലുള്ള യൂത്ത് കോൺഗ്രസ് സമരം നിയന്ത്രിക്കുന്നതിനും അസിസ്റ്റൻറ് കമ്മീഷണര്‍ എത്തി. ഇതും ആശങ്കയുണ്ടാക്കുന്നുണ്ട്. ഇതിന് പുറമെ തുമ്പയില്‍ രോഗം സ്ഥിരീകരിച്ച നാല് പോലീസുകാര്‍ സെക്രട്ടറിയേറ്റിന് മുന്നിലെ സമര ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ്.

ഗണ്‍മാന് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാദ്ധ്യായ നിരീക്ഷണത്തില്‍ പ്രവേശിച്ചു. ദക്ഷിണ മേഖല ഐജി ഹര്‍ഷിത അട്ടല്ലൂരിക്കാണ് താല്‍ക്കാലിക ചുമതല. ഈ സാഹചര്യത്തില്‍ സമരങ്ങളിലെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് നിയമനടപടി കര്‍ശനമാക്കാനാണ് പോലീസ് തീരുമാനം. സെക്രട്ടറിയേറ്റിന് മുന്നിലെ സമരങ്ങളില്‍ 25 കേസുകളിലായി 3000 പേരെ പ്രതി ചേര്‍ത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *