സര്‍വകലാശാല അസിസ്റ്റന്റ് നിയമനക്കേസില്‍ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്

കൊച്ചി: കേരള സര്‍വകലാശാല അസിസ്റ്റന്റ് നിയമനക്കേസില്‍ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍. സര്‍വകലാശാല വൈസ് ചാന്‍സലറും പി.വി.സിയും രജിസ്ട്രാറും നാലു സിന്‍ഡിക്കേറ്റ് അംഗങ്ങളുമാണ് കേസില്‍ പ്രതികളായിരുന്നത്.

2008-ല്‍ ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തുടക്കമിട്ട സംഭവമാണ് കേരള സര്‍വകലാശാലയിലെ അസിസ്റ്റന്റ് നിയമനം. പരീക്ഷ എഴുതാത്തവര്‍ പോലും നിയമനം നേടിയെന്നാണ് കേസ്. പരീക്ഷയ്ക്ക് വരാത്തവര്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത് നിയമനം നേടി. പരീക്ഷ എഴുതിയവരുടെയെല്ലാം ഫലം പുറത്തുവന്നില്ല. ഉത്തരപേപ്പര്‍ മൂല്യനിര്‍ണയത്തിന് അയച്ചപ്പോള്‍ തന്നെ 46 എണ്ണം കുറവായിരുന്നു. ആരോപണം വാസ്തവമാണെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ ആദ്യ കണ്ടെത്തല്‍. അസിസ്റ്റന്റ് നിയമനത്തില്‍ തട്ടിപ്പു നടന്നെന്നും കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് അന്വേഷണം നടത്തി, കേരള സര്‍വകലാശാലയിലെ അന്നത്തെ വിസി എം കെ രാമചന്ദ്രന്‍ നായര്‍ പിവിസി ഡോ. വി ജയപ്രകാശ്, രജിസ്ട്രാര്‍ കെ എ ഹാഷിം, സിന്‍ഡിക്കേറ്റ് അംഗങ്ങളായ എ എ റഷീദ്, ബി എസ് രാജീവ്, എം പി റസ്സല്‍, കെ എ ആന്‍ഡ്രൂസ് എന്നിവരെ പ്രതികളാക്കി ക്രൈംബ്രാഞ്ച് വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഇതില്‍ റഷീദും എം പി റസ്സലും സിപിഎം നേതാക്കളാണ്. എന്നാല്‍ കുറ്റപത്രത്തിനെതിരെ, തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചു.

തുടര്‍ന്ന് കോടതി ഉത്തരവ് പ്രകാരം നടത്തിയ തുടരന്വേഷണത്തിലാണ് ആദ്യകുറ്റപത്രം തള്ളി പുിയ റിപ്പോര്‍ട്ട് നല്‍കിയത്. പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കാനാവശ്യമായ തെളിവുകള്‍ കണ്ടെത്താനായിട്ടില്ല. പരീക്ഷാ നടത്തിപ്പില്‍ ക്രമക്കേട് നടന്ന ഒഎംആര്‍ ഷീറ്റ് കണ്ടെത്തിയിട്ടില്ല. അതിനാല്‍ പ്രതികള്‍ ക്രമക്കേട് നടത്തിയെന്ന് തെളിയിക്കാന്‍ സാധിക്കില്ലെന്നാണ് നിയമോപദേശം ലഭിച്ചതെന്നും പുതിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. റിപ്പോര്‍ട്ട് അടുത്തമാസം ഒമ്പതിന് കോടതി പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *