സര്‍ക്കാര്‍ വാര്‍ത്തകള്‍/ അറിയിപ്പുകള്‍..

സബ് രജിസ്ട്രാർ ഓഫിസുകൾ ഐ.എസ്.ഒ നിലവാരത്തിലാക്കും : മന്ത്രി ജി. സുധാകരൻ

സംസ്ഥാനത്തെ സബ് രജിസ്ട്രാർ ഓഫിസുകൾ ഐ.എസ്.ഒ നിലവാരത്തിലേക്ക് ഉയർത്തുമെന്ന് പൊതുമരാമത്ത്-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ. നാവായിക്കുളം പുതിയ സബ് രജിസ്ട്രാർ ഓഫീസിന്റെ പുതിയ മന്ദിരം വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പുതിയ കാലം പുതിയ സേവനം എന്ന മുദ്രാവാക്യവുമായി ആധുനികവൽക്കരണത്തിന്റെ പാതയിലാണ് രജിസ്ട്രേഷൻ വകുപ്പ്.  സാങ്കേതിക വിദ്യയുടെ സഹായത്തോടെ മെച്ചപ്പെട്ട സേവനം പൊതുജനങ്ങൾക്ക് ഉറപ്പുവരുത്താനുള്ള ശ്രമങ്ങൾ നടന്നുവരുന്നതായും അദ്ദേഹം പറഞ്ഞു.

കിഫ്ബിയിൽ നിന്ന് 1.37 കോടി രൂപ ചെലവഴിച്ചാണ് മൂന്നുനിലകളിലായി മന്ദിര നിർമാണം പൂർത്തിയാക്കിയത്. കേരള കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് കെട്ടിടം നിർമിച്ചത്.

സബ് രജിസ്ട്രാർ ഓഫിസിൽ നടന്ന ചടങ്ങിൽ വി. ജോയ് എംഎൽഎ അധ്യക്ഷത വഹിച്ചു. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജുദേവ്, നാവായിക്കുളം പഞ്ചായത്ത് പ്രസിഡന്റ് കെ.തമ്പി, ജില്ലാ പഞ്ചായത്ത് അംഗം എസ്. ഷാജഹാൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം നിസാ നിസാർ, വാർഡ് അംഗം ബി.കെ.പ്രസാദ്, രജിസ്ട്രേഷൻ ജോയിന്റ് ഇൻസ്‌പെക്ടർ ജനറൽ പി. കെ. സാജൻ കുമാർ, കൺസ്ട്രക്ഷൻ കോർപ്പറേഷൻ റീജിയണൽ മാനേജർ എ. ഗീത, ജില്ലാ രജിസ്ട്രാർ (ജനറൽ ) പി. പി. നൈനാൻ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ഹിന്ദി ഡിപ്ലോമ കോഴ്സിന് അപേക്ഷിക്കാം

ഹിന്ദി ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ കോഴ്സിന് ഭാരത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വേജ് ടീച്ചർ എഡ്യുക്കേഷൻ അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാർക്കോടെ നേടിയ പ്ലസ്ടുവോ ഹിന്ദി ഭൂഷൺ, സാഹിത്യവിശാരദ്, രാഷ്ട്രഭാഷാപ്രവീൺ, സാഹിത്യാചാര്യ തുടങ്ങിയ കോഴ്സുകൾ പാസായവർക്കോ അപേക്ഷിക്കാം. അവസാന തീയതി സെപ്റ്റംബർ 25. യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 9446321496.

ഐ.എച്ച്.ആർ.ഡി കോളേജുകളിൽ ബിരുദാനന്തര ബിരുദ പ്രവേശനം

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെന്റിനു കീഴിൽ (ഐ.എച്ച്.ആർ.ഡി) കീഴിൽ കേരള സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുളള അടൂർ (04734-224076, 8547005045), ധനുവച്ചപുരം (0471-2234374, 2234373, 8547005060), മാവേലിക്കര (0479-2304494, 0479-2341020, 8547005046), കുണ്ടറ (0474-2580865, 8547005066) എന്നീ അപ്ലൈഡ് സയൻസ് കോളേജുകളിൽ 2020-21 അധ്യയന വർഷത്തിൽ ബിരുദാനന്തര ബിരുദ കോഴ്സുകളിൽ കോളേജുകൾക്ക് അനുവദിച്ച 50% സീറ്റുകളിൽ ഓൺലൈൻ/ഓഫ് ലൈൻ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  ihrd.kerala.gov.in/cascap എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം.  ഇന്ന് (19 സെപ്റ്റംബർ) രാവിലെ 10 മുതൽ അപേക്ഷകൾ സമർപ്പിക്കാം.  ഓരോ കോളേജിലെയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകൾ സമർപ്പിക്കണം.  ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദ്ദിഷ്ട അനുബന്ധങ്ങളും, 500 രൂപ (എസ്.സി, എസ്.റ്റി 200 രൂപ) രജിസ്ട്രേഷൻ ഫീസ് ഓൺലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോജേളിൽ ലഭ്യമാക്കണം.  ഓഫ് ലൈനായി അപേക്ഷിക്കുമ്പോൾ അപേക്ഷാ ഫോറം പൂരിപ്പിച്ച് പ്രവേശനം ആഗ്രഹിക്കുന്ന കോളേജിലെ പ്രിൻസിപ്പാളിന്റെ പേരിൽ മാറാവുന്ന 500 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി-പട്ടികവർഗ വിഭാഗക്കാർക്ക് 200 രൂപ) രജിസ്ട്രേഷൻ ഫീസായി ബന്ധപ്പെട്ട കോളേജുകളിൽ അപേക്ഷിക്കാം.  തുക കോളേജുകളിൽ നേരിട്ടും അടയ്ക്കാം.  വിശദവിവരങ്ങൾക്ക് www.ihrd.ac.in സന്ദർശിക്കുക.

ലൈഫ് സർട്ടിഫിക്കറ്റ് നൽകണം

തിരുവനന്തപുരം ജില്ലാ സൈനികക്ഷേമ ഓഫിസ് മുഖാന്തിരം ധനസഹായം കൈപ്പറ്റുന്ന രണ്ടാംലോകമഹായുദ്ധസേനാനികളോ അവരുടെ വിധവമാരോ 2020 സെപ്റ്റംബർ 30-നു മുമ്പ് ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതാണെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫിസർ അറിയിച്ചു.

കൺസീലിയേഷൻ ഓഫീസർമാരുടെ പാനൽ പുനഃസംഘടിപ്പിക്കുന്നു

രക്ഷാകർത്താക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമായുള്ള കൺസീലിയേഷൻ ഓഫിസർമാരുടെ പാനൽ പുനഃസംഘടിപ്പിക്കുന്നു. തിരുവനന്തപുരം, നെയ്യാറ്റിൻകര, വർക്കല, ചിറയിൻകീഴ് താലൂക്കുകളിലെ സന്നദ്ധ സേവനതൽപരരായവർക്ക് അപേക്ഷിക്കാം.

തെരഞ്ഞെടുക്കുന്ന ആളുകൾ സന്നദ്ധസേവനം ചെയ്യാൻ താല്പര്യമുളളവരായിരിക്കണം.  മദ്ധ്യസ്ഥ ശ്രമങ്ങൾക്കായി വ്യക്തികളെ നേരിൽ കാണുന്നതിനായി ഇവരുടെ ജോലിസ്ഥലത്തോ, ഭവനങ്ങളിലോ സന്ദർശിക്കേണ്ടതായിട്ടുണ്ട്.  ട്രൈബ്യൂണലിന്റെ വിചാരണ നടത്തുന്ന ദിവസങ്ങളിൽ നിർദ്ദിഷ്ട ഓഫിസിൽ ഹാജരായി പ്രിസൈഡിംഗ് ഓഫീസറുടെ നിർദ്ദേശാനുസരണം മദ്ധ്യസ്ഥ ശ്രമം നടത്തുവാൻ ബാദ്ധ്യസ്ഥരായിരിക്കണം.  2 വർഷം ഏതെങ്കിലും അംഗീകൃത സന്നദ്ധ സംഘടനകളിൽ പ്രവർത്തിച്ചു പരിചയമുളളവരുമായിരിക്കണം അപേക്ഷകൻ.  രക്ഷാകർത്താക്കളുടെയും, മുതിർന്ന പൗരന്മാരുടെയും സംരക്ഷണത്തിനും, ക്ഷേമത്തിനുമായുളള ആക്ട് 2007 സംബന്ധിച്ചു പൊതുവായ പരിജ്ഞാനവും ഉണ്ടാകണം.  അപേക്ഷകരുടെ പേരിൽ നാളിതുവരെ നിയമനടപടികൾ ഉണ്ടാകാൻ പാടില്ല.  മദ്ധ്യസ്ഥം/അനുരജ്ഞനം എന്നിവ വഴി പ്രശ്നപരിഹാരം കണ്ടെത്തുന്നതിന് സമർഥരും, സന്നദ്ധരുമായിരിക്കണം.  മുതിർന്ന പൗരന്മാരുടെ ക്ഷേമം, ദാരിദ്ര്യ നിർമ്മാർജ്ജനം, സ്ത്രീ ശാക്തീകരണം, സാമൂഹ്യക്ഷേമം, ആരോഗ്യ പരിപാലനം എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്തു വരുന്നതും, നിലവിൽ പ്രവർത്തിച്ചു വരുന്നതുമായ ഏതെങ്കിലും അംഗീകൃത സംഘടനകളിൽ സ്തുത്യർഹമായ സേവനം നടത്തി വരുന്നതുമായ ആളുകൾക്ക് മുൻഗണന ലഭിക്കും.  നിലവിലെ പാനലിൽ ഉളളവർക്കും അപേക്ഷിക്കാം.

താത്പര്യമുള്ളവർ സെപ്റ്റംബർ 22ന് രാവിലെ 11-ന് കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന മെയിന്റനൻസ് ട്രൈബ്യൂണൽ ആൻഡ് സബ് കളക്ടർ ഓഫിസിലെത്തണം.  കൂടുതൽ വിവരങ്ങൾക്ക് 0471-2731600.

വൈദ്യുതി മുടങ്ങും

പേരൂർക്കട  ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നെല്ലിവിള, മുക്കോല, മുണ്ടയ്ക്കൽ, കരിപ്പൂക്കോണം, മുല്ലശ്ശേരി, സാൻട്രാക്ക് വില്ല, കുടപ്പനക്കുന്ന് സെക്ഷൻ പരിധിയിൽ അമ്പലക്കടവ്, നമ്പാട് എന്നിവിടങ്ങളിൽ ഇന്ന് (19 സെപ്റ്റംബർ) രാവിലെ  9.00 മുതൽ 2 വരെയും, വാരിയം എസ്.എഫ്.എസ്. പാലസ് കോർട്ട് പ്രദേശത്ത്  ഉച്ചയ്ക്ക് 2.00 മുതൽ വൈകുന്നേരം 5.00 വരെയും,  തിരുവല്ലം വെസ്റ്റ് പൂങ്കുളം  ഏരിയയിൽ രാവിലെ  9.00 മുതൽ വൈകുന്നേരം 5.00  വരെയും വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *