ഉമ്മന്‍ചാണ്ടിയുടെ നിയമസഭ പ്രവേശന സുവര്‍ണ്ണ ജൂബിലി :ഗവര്‍ണ്ണര്‍ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി സമാജികനെന്ന നിലയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന പശ്ചാത്തലത്തില്‍ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെലവപ്പ്‌മെന്റ് സ്റ്റഡീസ്( ആര്‍.ജി.ഐ.ഡി.എസ്) തിരുവനന്തപുരത്ത് സെമിനാര്‍ സംഘടിപ്പിക്കുന്നു. ‘ Development Embedded With Compasion’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ കേരള ഗവര്‍ണ്ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍ ഉദ്ഘാടനം ചെയ്യും.

ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കുന്ന സെമിനാറില്‍ കെ.പി.സി.സി അധ്യക്ഷന്‍ മുള്ളപ്പള്ളി രാമചന്ദ്രന്‍, സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി, മന്ത്രി വി.എസ്. സുനില്‍ കുമാര്‍, കെ.പി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് വാഴക്കന്‍ എന്നിവരും സംസാരിക്കും.

50 വര്‍ഷത്തിനിടെ കേരളത്തിന്റെ വികസന രംഗത്തും നിയമനിര്‍മ്മാണ രംഗത്തും ഉമ്മന്‍ചാണ്ടി നടത്തിയ ഇടപെടലുകള്‍, സഹജീവികളോടുള്ള കരുതല്‍ എന്നിവ സെമിനാറില്‍ മുഖ്യ ചര്‍ച്ചാവിഷയമാകും.

പൂര്‍ണ്ണമായും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ നടത്തുന്ന സെമിനാറില്‍ 50 പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. മറ്റുള്ളവര്‍ക്ക് സൂം വഴി പങ്കെടുക്കാന്‍ അവസരമൊരുക്കും. തുടര്‍ന്ന് വിവിധ മേഖലകളിലെ 20-ഓളം ക്ഷണിക്കപ്പെട്ട പ്രതിനിധികളുമായി ഉമ്മന്‍ചാണ്ടി നടത്തുന്ന ആശയ വിനിമയത്തോടെയാകും സെമിനാര്‍ സമാപിക്കുക.

Leave a Reply

Your email address will not be published. Required fields are marked *