പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന് തുടക്കമായി

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് തുടക്കമായി. രാവിലെ ഒമ്ബത് മണിയ്ക്ക് ആരംഭിച്ച ലോക്‌സഭ നടപടി ക്രമങ്ങള്‍ ഉച്ചയ്‌ക്ക് ഒരു മണി വരെ നീളും. വൈകുന്നേരം മൂന്നിനാണ് രാജ്യസഭ ആരംഭിക്കുക. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് സമ്മേളനം നടക്കുന്നത്. അകലം പാലിച്ചും മാസ്ക് ധരിച്ചുമാണ് അംഗങ്ങള്‍ ഇരിപ്പിടത്തില്‍ ഇരിക്കുന്നത്. അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് സഭയുടെ ആദരം അര്‍പ്പിച്ചുകൊണ്ടായിരുന്നു നടപടികള്‍ തുടങ്ങിയത്.

രാജ്യസഭാ ഉപാദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് ഉച്ചകഴിഞ്ഞ് തിരഞ്ഞെടുപ്പ് നടക്കും. ജെ.ഡി.യു എം.പി ഹരിവംശ് നാരായണ്‍ സിംഗാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി. ആര്‍.ജെ.ഡി നേതാവ് മനോജ് ഝായാണ് പ്രതിപക്ഷത്തിനായി മത്സരിക്കുന്നത്. ടി.ആര്‍.എസ്, വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, ബി.ജെ.ഡി, അണ്ണാ ഡി.എം.കെ എന്നീ കക്ഷികളുടെ പിന്തുണയോടെ ഹരിവംശിനെ വിജയിപ്പിക്കാമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുപ്പ് വേണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യത്തോട് സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല. 18 സിറ്റിങ്ങുള്ള വര്‍ഷകാല സമ്മേളനത്തില്‍ 33 ബില്ലുകള്‍ പരിഗണനയ്ക്ക് വരും.

11 ഓര്‍ഡിനന്‍സുകള്‍ നിയമമാക്കാനാണ് സര്‍ക്കാര്‍ നീക്കം. കൊവിഡ് പ്രതിസന്ധിയും ചൈനയുടെ പ്രകോപനവും വോട്ടെടുപ്പില്ലാത്ത ഹ്രസ്വ ചര്‍ച്ചയാക്കും. ഒക്ടോബര്‍ 1വരെയാണ് സമ്മേളനം. ശനിയും ഞായറും അവധിയില്ല. ചോദ്യോത്തരവേളയില്ല. ശൂന്യവേളയുടെ സമയം വെട്ടിക്കുറച്ചു. ഹാജര്‍ രേഖപ്പെടുത്താന്‍ മൊബൈല്‍ ആപ്പാണുളളത്. എം.പിമാര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഇന്നലെ നടത്തിയ പരിശോധനയില്‍ 5 എം.പിമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുതിര്‍ന്ന നേതാക്കളില്‍ പലരും എല്ലാ ദിവസവും സഭയിലെത്താനിടയില്ല.

സ്വര്‍ണക്കടത്ത് കേസിന്റെ വിശദാംശങ്ങള്‍ ധനമന്ത്രാലയത്തോട് യു.ഡി.എഫ് എം.പിമാര്‍ രേഖാമൂലം ചോദിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *