നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു

കണ്ണൂര്‍ : തലശ്ശേരി- മാഹി ബൈപ്പാസിനായി നിർമ്മിച്ച പുതിയ പാലത്തിൻ്റെ ബീമുകൾ തകർന്നു വീണു. നാല് ബീമുകളാണ് തകർന്നത്. നിട്ടൂരിനടുത്ത് ബാലത്തിൽ നിർമ്മിക്കുന്ന പാലത്തിൻ്റെ ബീമുകളാണ് ഇന്ന് ഉച്ചക്ക് രണ്ടരക്ക് തകർന്നത്. പാലത്തില്‍ തൊഴിലാളികളുണ്ടായിരുന്നെങ്കിലും ആര്‍ക്കും അപകടത്തില്‍ പരിക്കില്ല. പെരുമ്പാവൂർ ആസ്ഥാനമായ ഇ.കെ.കെ കൺസ്ട്രക്ഷനാണ് പാലത്തിന്‍റെ നിർമ്മാണ ചുമതലയുള്ളത്. നിര്‍മാണത്തിന്‍റെ ഭാഗമായി നാല് പാലങ്ങളാണ് ഇ.കെ.കെ കൺസ്ട്രക്ഷന്‍ ഇവിടെ നിര്‍മിക്കുന്നത്. അതില്‍ ഒരു പാലമാണ് ഇന്ന് തകര്‍ന്നത്. മുപ്പത് മാസത്തേക്കാണ് ഇവര്‍ക്ക് നിര്‍മാണത്തിനുള്ള കാലാവധിയുള്ളത്. 853 കോടിയാണ് പാലം നിര്‍മാണത്തിനായി കേന്ദ്ര സര്‍ക്കാര്‍ മാറ്റിവെച്ചിരിക്കുന്നത്. പാലവുമായി ബന്ധപ്പെട്ട പ്രവര്‍ത്തികള്‍ 2020 മാര്‍ച്ചില്‍ അവസാനിക്കേണ്ടതായിരുന്നു. സംഭവത്തില്‍ ബൈപാസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയാണ്.

2018 ഒക്ടോബര്‍ 30നാണ് തലശ്ശേരി- മാഹി ബൈപ്പാസിന്‍റെ ഉദ്ഘാടനം കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി നിര്‍വ്വഹിച്ചത്. മുഴുപ്പിലങ്ങാട് മുതല്‍ അഴിയൂര്‍ വരെ പതിഞ്ചര കിലോമീറ്റര്‍ ദൂരമാണ് പുതിയതായി മാഹി ബൈപാസ് നിര്‍മിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *