മത്തായിയുടെ മരണം: അന്വേഷണം ഹൈക്കോടതി സിബിഐക്ക് വിട്ടു

പത്തനംതിട്ട:  ചിറ്റാറിൽ കര്‍ഷകന്‍ മത്തായി വനപാലകരുടെ കസ്റ്റഡിയില്‍ മരിച്ച കേസ് ഹൈക്കോടതി സിബിഐക്ക് വിട്ടു. കേസ് സിബിഐക്ക് വിടുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അതിനിടെ കുറ്റക്കാരായ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മത്തായിയുടെ ഭാര്യ പത്തനംതിട്ട കലക്ട്രേറ്റില്‍ സത്യാഗ്രഹം ഇരിക്കുകയാണ്.

മത്തായി മരിച്ച സംഭവത്തില്‍ അന്വേഷണം സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ ഇന്ന് ശിപാര്‍ശ ചെയ്തിരുന്നു. കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് മത്തായിയുടെ ഭാര്യ നല്‍കിയ ഹരജി ഹൈക്കോടതി പരിഗണിക്കും മുന്‍പായിരുന്നു സര്‍ക്കാര്‍ തീരുമാനം. ജൂലൈ 28ന് മരിച്ച മത്തായിയുടെ മൃതദേഹം ഇതുവരെ സംസ്കരിച്ചിട്ടില്ല.

ചിറ്റാറിൽ തെളിവെടുപ്പിനിടെയാണ് മത്തായി കിണറ്റില്‍ വീണ് മരിച്ചത്. വനംവകുപ്പിന്‍റെ ക്യാമറ നശിപ്പിച്ചെന്ന കേസിലാണ് മത്തായിയെ കസ്റ്റഡിയിലെടുത്തത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അന്ന് തന്നെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാതെ മൃതദേഹം സംസ്കരിക്കില്ലെന്നും ബന്ധുക്കള്‍ നിലപാടെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് വ്യക്തമാക്കിയ ഹൈക്കോടതി പത്തനംതിട്ട എസ്പിയോട് വിശദീകരണം തേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *