എന്‍ജിനിയറിങ്, മെഡിക്കല്‍ പ്രവേശന പരീക്ഷകള്‍ക്ക് സുരക്ഷാ മാർഗ്ഗ നിർദ്ദേശങ്ങൾ കേന്ദ്രം പുറത്തിറക്കി

ന്യൂഡല്‍ഹി: അടുത്ത മാസം നടക്കുന്ന എന്‍ജിനിയറിങ്, മെഡിക്കല്‍ പ്രവേശന പരീക്ഷകള്‍ക്ക് (NEET, JEE) സുരക്ഷാ മാർഗ്ഗ നിർദ്ദേശങ്ങൾ കേന്ദ്രം പുറത്തിറക്കി. കോവിഡില്ലെന്ന് വിദ്യാർത്ഥികൾ സ്വയം സാക്ഷ്യപ്പെടുത്തിയ ആരോഗ്യരേഖ ഹാജരാക്കണം. മാസ്ക് നിര്‍ബന്ധമായും ധരിക്കണം. ശരീരപരിശോധന ഉണ്ടാകില്ല .

അഡ്മിറ്റ് കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകള്‍ കോണ്‍ടാക്റ്റ്‌ലെസ് ആയി പരിശോധിക്കണം. തിരക്ക് ഒഴിവാക്കാൻ പരീക്ഷ ഹാളിലേക്ക് എത്താൻ വിദ്യാര്‍ഥികള്‍ക്ക് സമയം അനുവദിക്കും. ഉയര്‍ന്ന ശരീര ഊഷ്മാവ് ഉള്ളവരെ പ്രത്യേകം മുറികളിലായിരിക്കും പരീക്ഷയ്ക്ക് ഇരുത്തുക. നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് പ്രോട്ടോക്കോള്‍ തയ്യാറാക്കിയിരിക്കുന്നത്. സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെയുള്ള തീയതികളിലാണ്, ഇരുപത്തിയഞ്ചു ലക്ഷത്തോളം പേര്‍ പങ്കെടുക്കുന്ന പരീക്ഷ.

പരീക്ഷയ്ക്കു മുമ്പുള്ള നടപടികള്‍, പരീക്ഷാ നടത്തിപ്പ്, അതിനു ശേഷമുള്ള കാര്യങ്ങള്‍ എന്നിവയ്ക്ക് പ്രത്യേകം നിര്‍ദേശങ്ങള്‍ അടങ്ങിയതാണ് ടെസ്റ്റിങ് ഏജന്‍സി തയാറാക്കിയ പ്രോട്ടോക്കോള്‍. എല്ലാ കേന്ദ്രങ്ങളും കൈയുറകളും മുഖാവരണവും ഹാന്‍ഡ് സാനിറ്റൈസറും അണുനാശിനികളും കരുതണം. ജീവനക്കാര്‍ക്കും പരീക്ഷാര്‍ഥികളും ഓരോരുത്തര്‍ക്കും പ്രത്യേകമായി കുടിവെള്ള ബോട്ടിലുകള്‍ വേണം.

പരീക്ഷാ കേന്ദ്രത്തിന്റെ തറ, ചുമരുകള്‍, ഗെയ്റ്റുകള്‍ എന്നിവ പരീക്ഷയ്ക്കു മുമ്പായി അണുവിമുക്തമാക്കണം. പരീക്ഷാ ചുമതലയുള്ളവര്‍ കൈയുറകളും മുഖാവരണവും ധരിക്കണം. പ്രവേശന കവാടത്തില്‍ എല്ലാവരുടെയും ശരീരോഷ്മാവ് പരിശോധിക്കണമെന്നും നിര്‍ദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *