ബിജെപി കോടികളുടെ അഴിമതി നടത്തി: കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: വിമാനത്താവളം സ്വകാര്യവത്കരിക്കുന്നുവെന്ന വാര്‍ത്ത അമ്ബരപ്പിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കാന്‍ തീരുമാനിച്ച കേന്ദ്രസര്‍ക്കാര്‍ നീക്കം കൊവിഡിന്റെ മറവില്‍ നടക്കുന്ന പകല്‍ കൊള്ളയാണെന്ന് അദ്ദേഹം പറഞ്ഞു. ചരിത്രത്തില്‍ അടയാളപ്പെടുത്തിയ ഒരു വിമാനത്താവളത്തെയാണ് സ്വകാര്യ വ്യക്തികള്‍ക്ക് ഒരു മനസാക്ഷിക്കുത്തും ഇല്ലാതെ വിറ്റഴിച്ചിരിക്കുന്നത്. ഏകേദശം 170 കോടി രൂപയാണ് ഈ വിമാനത്താവളത്തില്‍ നിന്നുള്ള ഒരു വര്‍ഷത്തെ ലാഭം.

വിമാനത്താവളത്തിന് ആവശ്യമായ ഭൂമി അഞ്ച് ഘട്ടങ്ങളിലായി സംസ്ഥാന സര്‍ക്കാര്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കൈമാറിയതാണ്. നിലവില്‍ 635 ഏക്കര്‍ സ്ഥലത്താണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ഇതിനു പുറമേ റണ്‍വേ വിപുലീകരിക്കുന്നതിന് 18 ഏക്കര്‍ സ്ഥലം വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിടുകയാണ്. ഈ സ്ഥലമടക്കം ഒരു സ്വകാര്യ വ്യക്തിയ്ക്ക് വില്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധം ഉയരണം.

ആയിരക്കണക്കിന് ജീവനക്കാരുടെ തൊഴില്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. തിരുവനന്തപുരം വിമാനത്താവളത്തിന് ചരിത്രപരമായ സവിശേഷതകളുമുണ്ട്. അതൊന്നും കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചില്ല. കനത്ത അഴിമതിയാണ് നടക്കുന്നത്.

കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാരും ബി.ജെ.പി നേതൃത്വവും എന്തു തീരുമാനമാണ് എടുക്കുന്നതെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് ആഗ്രഹമുണ്ട്. സംസ്ഥാന സര്‍ക്കാരിന് വിമാനത്താവളങ്ങള്‍ നടത്തി പരിചയമുണ്ടെന്ന് കേന്ദ്രത്തെ അറിയിച്ചിരുന്നതായും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *