ഫേസ്ബുക്കിന്റെ ഇന്ത്യന്‍ ടീമിനെ നീക്കം ചെയ്യണം: രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: ഫേസ്ബുക്ക് തലവന്‍ മാര്‍ക് സുക്കര്‍ബര്‍ഗിന് കോണ്‍ഗ്രസ് പാര്‍ട്ടി അയച്ച കത്ത് രാഹുല്‍ഗാന്ധി തന്റെ ട്വിറ്ററിലൂടെ പുറത്തുവിട്ടു. അമേരിക്കന്‍ പ്രസിദ്ധീകരണമായ വാള്‍സ്ട്രീറ്റ് ജേണലിലെ ഒരു ലേഖനത്തെ ചൊല്ലിയുണ്ടായ രൂക്ഷമായ തര്‍ക്കത്തിനൊടുവിലാണ് ഫേസ്ബുക്ക് മേധാവിക്ക് കോണ്‍ഗ്രസ് കത്തയച്ചിരിക്കുന്നത്. ഫേസ്ബുക്ക് ഇന്ത്യ എക്സിക്യൂട്ടീവുകളുടെ പെരുമാറ്റത്തെ കുറിച്ച്‌ സമയബന്ധിതമായി ഉന്നതതല അന്വേഷണം നടത്തണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.

പക്ഷപാതം, വ്യാജവാര്‍ത്തകള്‍, വിദ്വേഷ ഭാഷണം എന്നിവയിലൂടെ ജനാധിപത്യത്തില്‍ കൃത്രിമം കാണിക്കാന്‍ തങ്ങള്‍ അനുവദിക്കില്ലെന്ന് കത്തില്‍ കോണ്‍ഗ്രസ് വ്യക്തമാക്കുന്നു. സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഒപ്പിട്ട കത്തില്‍ ഓഗസ്റ്റ് 14ലെ ലേഖനത്തില്‍ പ്രസിദ്ധീകരിച്ച വാള്‍ സ്ട്രീറ്റ് ജേണലിന്റെ കണ്ടെത്തലുകള്‍ ‘അതിശയിപ്പിക്കുന്ന വെളിപ്പെടുത്തലല്ല’ എന്നാണ് പരാമര്‍ശിച്ചിരിക്കുന്നത്.

സമയബന്ധിതമായ അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ട് ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി പരസ്യമാക്കണമെന്നും ഫേസ്ബുക്കിന്റെ ഇന്ത്യയിലെ ടീമിനെ നീക്കം ചെയ്യണമെന്നും കത്തില്‍ കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. “2014 മുതല്‍ വിദ്വേഷ പോസ്റ്റുകള്‍ പ്ലാറ്റ്‌ഫോമില്‍ അനുവദിച്ച” എല്ലാ സംഭവങ്ങളും ഫേസ്ബുക്ക് പ്രസിദ്ധീകരിക്കണമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. മതവികാരം വ്രണപ്പെടുത്താന്‍ ജനങ്ങളെ പ്രേരിപ്പിച്ചുവെന്നാരോപിച്ച്‌ ഇന്ത്യയിലെ ഫേസ്‌ബുക്കിന്റെ പോളിസി ചീഫ് അങ്കി ദാസിനെതിരെ പോലീസ് കേസ് ഫയല്‍ ചെയ്‌തിട്ടുണ്ട്. റായ്‌പൂര്‍ പൊലീസാണ് കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *