സ്വര്‍ണം വച്ചത് ശിവശങ്കറിന്റെ നിര്‍ദേശപ്രകാരം: പ്രതി സ്വപ്ന സുരേഷിന്റെ മൊഴി

കൊച്ചി: മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ കുരുക്കിലാക്കി സ്വർണക്കടത്തു കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ മൊഴി.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിലാണ് താൻ മൂന്നു പ്രാവശ്യം ശിവശങ്കറിനൊപ്പം വിദേശയാത്ര നടത്തിയിട്ടുണ്ടെന്നും ശിവശങ്കറിന്റെ നിർദേശപ്രകാരമാണ് സ്വർണം ലോക്കറിൽ സൂക്ഷിച്ചതെന്നും വെളിപ്പെടുത്തിയിരിക്കുന്നത്.

2017ൽ സ്വപ്ന ഒമാനിലേക്ക് ശിവശങ്കറിനൊപ്പം യാത്ര ചെയ്തിരുന്നു. അതിനുശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വിഷയവുമായി ബന്ധപ്പെട്ട് 2018 ഒക്ടോബറിൽ യാത്ര ചെയ്തിരുന്നതും നേരത്തെ വ്യക്തമായിരുന്നു. എന്നാൽ 2018 ഏപ്രിലിൽ ഇരുവരും ഒരുമിച്ച് യാത്ര ചെയ്തത് എൻഫോഴ്സ്മെന്റ് കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇക്കാര്യം അവർക്ക് ചോദ്യം ചെയ്യലിൽ സമ്മതിക്കേണ്ടി വന്നു.

സ്വപ്നയുടെ പേരിലുള്ള ബാങ്ക് ലോക്കറിൽ കണ്ടെത്തിയ സ്വർണം സംബന്ധിച്ച് നേരത്തെ സ്വപ്നയുടെ അഭിഭാഷകൻ കോടതിയിൽ വിശദീകരണം നൽകിയിരുന്നു. അവർക്ക് ഇത് വിവാഹ സമയത്ത് ലഭിച്ചതാണെന്നായിരുന്നു വിശദീകരണം. വിവാഹ ദിവസം സ്വർണം ധരിച്ച് നിൽക്കുന്ന ചിത്രവും കോടതിയിൽ നൽകിയിരുന്നു. എം. ശിവശങ്കറിന്റെ നിർദേശത്തെ തുടർന്നാണ് ലോക്കറിൽ സ്വർണം വച്ചത് എന്നാണ് ഇവർ മൊഴിയിൽ പറഞ്ഞിരിക്കുന്നത്. ഇവർക്ക് എം. ശിവശങ്കറുമായുള്ള ബന്ധത്തെക്കുറിച്ച് ഇഡി കഴിഞ്ഞ ദിവസം കോടതിയെ ബോധ്യപ്പെടുത്തിയിരുന്നു. സ്വപ്നയുടെ ദുരൂഹ ഇടപാടുകളെ സംബന്ധിച്ച വിവരങ്ങൾ എം. ശിവശങ്കറിന് അറിയാമായിരുന്നു എന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.

സ്വപ്ന സ്വർണക്കടത്ത് കേസിൽ പിടിയിലാകും മുമ്പ് വിദേശ കറൻസി രാജ്യത്തിന് പുറത്തെത്തിക്കുന്നതിന് എം. ശിവശങ്കറിന്റെ സഹായം തേടിയിരുന്നതായി അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. ജൂണിൽ വിദേശത്തേക്കു പോയ വന്ദേഭാരത് വിമാനങ്ങളിൽ അഞ്ച് വിദേശികൾക്ക് ടിക്കറ്റ് ഉറപ്പാക്കാൻ സ്വപ്ന ശിവശങ്കറിന്റെ സഹായം തേടിയെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

 

Leave a Reply

Your email address will not be published. Required fields are marked *