മുഖ്യമന്ത്രിയും 7 മന്ത്രിമാരും ക്വാറന്റീനില്‍

തിരുവനന്തപുരം: തിരുവനന്തപുരം∙ കരിപ്പൂർ വിമാനദുരന്ത പ്രദേശം സന്ദർശിക്കുകയും അവലോകനയോഗത്തിൽ പങ്കെടുക്കുകയും ചെയ്ത മുഖ്യമന്ത്രിയും ഏഴു മന്ത്രിമാരും ക്വാറന്റീനില്‍.

മലപ്പുറം കലക്ടർക്കും പൊലീസ് മേധാവിക്കും കോവിഡ് സ്ഥിരീകരിച്ച സാഹര്യത്തിലാണ് ഇവരുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട മുഖ്യമന്ത്രിയും മന്ത്രിമാരായ കെ.കെ.ശൈലജ, എ.സി.മൊയ്തീൻ, ഇ.ചന്ദ്രശേഖരൻ, കെ.ടി.ജലീൽ, ഇ.പി.ജയരാജൻ, വി.എസ്.സുനില്‍കുമാർ, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരുമാണ് നിരീക്ഷണത്തിൽപോയത്. സ്പീക്കറും നിരീക്ഷണത്തിൽ പോയിട്ടുണ്ട്. എ.സി.മൊയ്തീന്റെ ആന്റിജൻ പരിശോധനാഫലം നെഗറ്റീവാണ്. മറ്റു മന്ത്രിമാർക്കും സ്പീക്കർക്കും ആന്റിജൻ പരിശോധന നടത്തും.

മുഖ്യമന്ത്രി ക്വാറന്റീനിൽ പ്രവേശിച്ച സാഹചര്യത്തിൽ ശനിയാഴ്ച നടക്കുന്ന സ്വാതന്ത്ര്യ ദിന പരിപാടിയിൽ തിരുവനന്തപുരത്ത് സഹകരണ-ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ദേശീയ പതാക ഉയർത്തും. മറ്റ് ജില്ലകളിലും സമാനമായ ക്രമീകരണം വരുത്തും. കരിപ്പൂര്‍ സന്ദര്‍ശിച്ച പി കെ കുഞ്ഞാലിക്കുട്ടി എം.പിയും സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു.

മലപ്പുറത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപ്പട്ടികയില്‍ മുഖ്യമന്ത്രിയും ഉണ്ടായിരുന്നു. ആരോഗ്യവകുപ്പ് തയ്യാറാക്കിയ സമ്പര്‍ക്കപ്പട്ടികയിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരുമുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇന്ന് കളക്ടര്‍ ഉള്‍പ്പെടെ 20ലധികം പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *