എന്‍എസ്എസ് നടത്തിയ നാമജപ ഘോഷയാത്രകളില്‍ പങ്കെടുത്തതിനു ആയിരത്തോളം പേര്‍ക്കെതിരെ കേസെടുത്തു

തിരുവനന്തപുരം : ശബരിമല യുവതീപ്രവേശത്തിനെതിരെ ആറ്റിങ്ങലിലും കരുനാഗപ്പള്ളിയിലും എന്‍എസ്എസ് നടത്തിയ നാമജപ ഘോഷയാത്രകളില്‍ പങ്കെടുത്തതിനു സ്ത്രീകളടക്കം ആയിരത്തോളം പേര്‍ക്കെതിരെ കേസെടുത്തു.ഗതാഗത തടസ്സത്തിനു കേസെടുക്കാനുള്ള ഹൈക്കോടതി വിധിയാണ് അടിസ്ഥാനം.


കൊച്ചിയില്‍ 250 പേര്‍ക്കെതിരെയും പാലായില്‍ 100 പേര്‍ക്കെതിരെയും കേസെടുത്തു. മറ്റു ജില്ലകളിലും ദേശീയ, സംസ്ഥാന പാതകളില്‍ 2 മണിക്കൂറിലേറെ ഗതാഗത തടസ്സമുണ്ടായ സംഭവങ്ങളില്‍ നടപടിക്കു നിര്‍ദേശം നല്‍കി. പൊലീസ് സ്‌റ്റേഷനിലേക്കു നാമജപ യാത്ര നടത്തിയതിനും കേസെടുത്തുതുടങ്ങി. തൃശൂര്‍ വടക്കേക്കാട്ട് 9 പേരെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടു. അനുമതിയില്ലാതെ പ്രകടനം നടത്തിയതിനും ഗതാഗതം മുടക്കിയതിനും 175 പേര്‍ക്കെതിരെ കേസെടുത്തു. യുവതീപ്രവേശ വിഷയത്തിലെ അനിഷ്ട സംഭവങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 764 പേരെക്കൂടി അറസ്റ്റ് ചെയ്തു. ഇതോടെ 3 ദിവസങ്ങളിലായി അറസ്റ്റിലായവര്‍ 2164. ഏറെയും സംഘപരിവാര്‍ പ്രവര്‍ത്തകരാണെന്നു പൊലീസ് അറിയിച്ചു.
സമര ദൃശ്യങ്ങള്‍ പരിശോധിച്ച് ഏതാണ്ടു 4000 പേരെ 458 കേസുകളിലായി പ്രതിചേര്‍ത്തു. കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണു വിവരം. ഇതുവരെ അറസ്റ്റിലായവരില്‍ 400 പേര്‍ നേരിട്ട് അക്രമങ്ങളില്‍ പങ്കാളികളാണെന്നു പൊലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *