നാണയം വിഴുങ്ങിയ കുഞ്ഞ് ചികിത്സ കിട്ടാതെ മരിച്ചു; അന്വേഷണത്തിന് ഉത്തരവ്

കൊച്ചി: നാണയം വിഴുങ്ങിയ കുഞ്ഞ് ചികിത്സ കിട്ടാതെ മരിച്ചെന്ന് പരാതി. ആലുവ കടുങ്ങല്ലൂർ സ്വദേശികളായ നന്ദിനി – രാജു ദമ്പതികളുടെ മകനാണ് മരിച്ചത്. ഇന്നലെയാണ് കുഞ്ഞ് നാണയം വിഴുങ്ങിയത്. അവശനിലയിലായ കുഞ്ഞുമായി സർക്കാർ ആശുപത്രികൾ കയറി ഇറങ്ങിയെങ്കിലും ചികിത്സ കിട്ടിയില്ലെന്നാണ് പരാതി.കുഞ്ഞിനെ ആദ്യം ആലുവ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും എറണാകുളം ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിക്കുകയായിരുന്നു. അവിടെയെത്തിയപ്പോൾ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിച്ചു.

അവിടെയെത്തിച്ചപ്പോൾ ഡോക്ടർമാർ സംഭവത്തെ ഗൗരവത്തോടെ കാണാതെ കുഞ്ഞിനെ വീട്ടിലെത്തിച്ച് ചോറും പഴവും നൽകാനാണ് ആവശ്യപ്പെട്ടതെന്നാണ് രക്ഷിതാക്കൾ പറയുന്നത്. കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് വന്നതിനാൽ കുഞ്ഞിനെ അഡ്മിറ്റ് ചെയ്യാനാവില്ലെന്ന് മെഡിക്കൽകോളേജിൽ നിന്ന് പറഞ്ഞുവെന്നാണ് കുഞ്ഞിന്റെ അമ്മ പറയുന്നത്. വീട്ടിലെത്തിച്ച കുഞ്ഞിന്റെ നില വഷളായി. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അതിനിടെ ചികിത്സ നിഷേധിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു.

സംഭവം വിവാദമായതോടെ വിശദീകരണവുമായി ആലുവ ജനറൽ ആശുപത്രി സൂപ്രണ്ട് രംഗത്തെത്തി. പീഡിയാട്രിക് സർജൻ ഇല്ലാതിരുന്നത് കൊണ്ടാണ് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് പറഞ്ഞുവിട്ടതെന്നാണ് സൂപ്രണ്ട് പറയുന്നത്. കുട്ടിയുടെ എക്സറേ എടുത്തിരുന്നുവെന്നും കണ്ടെയ്ൻമെന്റ് സോണിൽ നിന്നാണോ എന്ന് ചോദിച്ചിരുന്നില്ലെന്നും അവർ വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *