സ്വർണ്ണക്കടത്ത് കേസ്: സിനിമാ മേഖലക്ക് പങ്കുണ്ടെങ്കിൽ അന്വേഷിക്കണമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

കൊച്ചി: സ്വർണ്ണക്കടത്ത് കേസില്‍ സിനിമാ മേഖലക്ക് പങ്കുണ്ടെങ്കിൽ അന്വേഷിക്കണമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും നിർമ്മാതാക്കളുടെ സംഘടന പറഞ്ഞു.

അതെ സമയം പുതിയ സിനിമകളുടെ ചിത്രീകരണം തുടങ്ങാൻ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ അനുമതി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാകുമെന്നും അസോസിയേഷന്‍ പറഞ്ഞു. നിലവിൽ ചിത്രീകരണം നടക്കുന്ന സിനിമകളുടെ റിലീസിന് ശേഷമായിരിക്കും ഈ ചിത്രങ്ങൾ തിയേറ്ററുകളിലെത്തുക. പുതിയ സിനിമകൾ തൽക്കാലം വേണ്ടെന്നായിരുന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ ആദ്യ തീരുമാനം. പ്രതിഫല വിഷയത്തിൽ സഹകരിക്കാമെന്നറിയിച്ചുള്ള അമ്മ, ഫെഫ്ക സംഘടനകളുടെ കത്ത് ചർച്ച ചെയ്തതായും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നേതൃത്വം അറിയിച്ചു.

ആഷിഖ് അബു സംവിധാനം ചെയ്ത മായാനദി എന്ന ചിത്രം നിര്‍മ്മിച്ചത് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി ഫൈസല്‍ ഫരീദ് ആണെന്ന പ്രചരണത്തിനെതിരെ നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. മായാനദി എന്ന മലയാള ചലച്ചിത്രം പൂർണ്ണമായും തന്‍റെ അക്കൗണ്ടിൽ നിന്നുള്ള പണം തന്നെ ചിലവഴിച്ച് ചിത്രീകരിച്ചിട്ടുള്ളതാണെന്നും ഈ പടത്തിനോടനുബന്ധിച്ചുള്ള എല്ലാ ഇടപാടുകളുടേയും കേന്ദ്ര, സംസ്ഥാന സർക്കാർ നികുതികൾ കൃത്യമായി അടച്ചിട്ടുള്ളതാണെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ നിര്‍മാതാവ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *