പി.ആര്‍.ഡി. ജില്ലാ വാർത്താക്കുറിപ്പ്‌ 25-10-2018

വിര വിമുക്ത ചികിത്സ: ജില്ലാതല ഉദ്ഘാടനം നടന്നു
ദേശീയ വിര വിമുക്ത ചികിത്സാ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഐ.ബി. സതീഷ് എം.എൽ.എ നിർവഹിച്ചു.  പരിസര ശുചിത്വം വ്യക്തി ശുചിത്വം പോലെ തന്നെ പ്രാധാന്യമുള്ളതാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ എം.എൽ.എ പറഞ്ഞു.  വ്യക്തികളും വീടും ശുചിത്വമുള്ളതായി മാറുമ്പോൾ നാടും ശുചിത്വമുള്ളതായി മാറും.  നവംബർ ഒന്നു മുതൽ കാട്ടാക്കട നിയോജക മണ്ഡലത്തിലെ വിദ്യാലയങ്ങൾ ഹരിത വിദ്യാലയങ്ങളായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.
മലയിൻകീഴ് ഗവ. ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന പരിപാടിയിൽ കുട്ടികൾക്ക് എം.എൽ.എ ആൽബൻഡസോൾ ഗുളിക നൽകി.  ആറു മുതൽ 19 വയസു വരെ പ്രായമുള്ള കുട്ടികൾക്ക് സ്‌കൂളുകളിൽ അധ്യാപകരുടെ മേൽനോട്ടത്തിലാണ് ഗുളിക നൽകുക.  ഒന്നു മുതൽ അഞ്ചു വയസുവരെ പ്രായമുള്ള കുട്ടികൾക്ക് അങ്കണവാടികളിലും ഗുളിക നൽകും.
നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൽ. ശകുന്തള കുമാരി അധ്യക്ഷയായ ചടങ്ങിൽ ബ്ലോക്ക് പഞ്ചയത്തംഗം അനിത കുമാരി വിദ്യാർഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.  ജില്ലാ ആർ.സിഎച്ച്. ഓഫീസർ ഡോ. പ്രസന്ന കുമാരി, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി.വി. അരുൺ, ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. എലിസബത്ത് ചീരൻ, സ്‌കൂൾ പ്രിൻസിപ്പൽ റജി കുമാർ, ഹെഡ്മാസ്റ്റർ വാട്‌സൺ, ആരോഗ്യ വകുപ്പ് ജീവനക്കാർ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.
(പി.ആർ.പി. 2537/2018)
മത്സ്യത്തൊഴിലാളി ക്ഷേമനിധി അംഗങ്ങൾ 
വ്യക്തിവിവരങ്ങൾ കൈമാറണം
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ള മത്സ്യത്തൊഴിലാളികളുടെയും മത്സ്യ അനുബന്ധ തൊഴിലാളികളുടെയും വിവരങ്ങൾ കമ്പ്യൂട്ടർവത്ക്കരിക്കുന്നതിന്റെ ഭാഗമായി അംഗങ്ങളുടെ ക്ഷേമനിധി ബുക്ക്, ബാങ്ക് അക്കൗണ്ട് നമ്പർ, ബയോമെട്രിക് കാർഡ് നമ്പർ, ആധാർ കാർഡ് നമ്പർ, ജനനതീയതി, ഫോൺനമ്പർ എന്നിവ നൽകിയിട്ടില്ലാത്തവർ ഒക്ടോബർ 31നു മുമ്പ് ബന്ധപ്പെട്ട ഫിഷറീസ് ക്ഷേമനിധി ഓഫീസിൽ നൽകണമെന്ന് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് റീജണൽ എക്സിക്യൂട്ടീവ് അറിയിച്ചു.
(പി.ആർ.പി. 2538/2018)
വട്ടിയൂർക്കാവ് പോളിടെക്നികിൽ കോഴ്സിനപേക്ഷിക്കാം
കമ്മ്യൂണിറ്റി ഡവലപ്മെന്റ് ത്രൂ പോളിടെക്നിക്സ് (സി.ഡി.റ്റി.പി)സ്‌കീമിനുകീഴിൽ വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ നവംബർ ഒന്നിനാരംഭിക്കുന്ന ഡേറ്റാ എൻട്രി, മെഷീൻ എംബ്രോയിഡറി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സൗജന്യ അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കും സി.ഡി.റ്റി.പി ഓഫീസുമായി ബന്ധപ്പെടണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
(പി.ആർ.പി. 2539/2018)
ഇംഹാൻസിൽ ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റ് കരാർ നിയമനം
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസും സാമൂഹ്യ നീതി വകുപ്പും ചേർന്നുനടത്തുന്ന മാനസികരോഗം നേരിടുന്ന മുതിർന്നവർക്ക് പിന്തുണയും പുനരധിവാസവും എന്ന പ്രോജക്ടിലേക്ക് കരാറടിസ്ഥാനത്തിൽ ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒക്യുപ്പേഷണൽ തെറാപ്പിയിൽ ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ നവംബർ മൂന്നിന് അഞ്ചുമണിക്ക് മുമ്പ് ഡയറക്ടർ, ഇംഹാൻസ്, മെഡിക്കൽകോളേജ് പി.ഒ. ,കോഴിക്കോട് എന്ന വിലാസത്തിൽ ലഭിക്കണം.
(പി.ആർ.പി. 2540/2018)
പ്ലാസ്റ്റിക് വിമുക്ത ഗ്രാമമാകാൻ കിളിമാനൂർ പഞ്ചായത്ത്: ഹരിത കർമ്മസേന രൂപീകരിച്ചു
പ്ലാസ്റ്റിക് വിമുക്ത ഗ്രാമമാകാൻ ഹരിത കർമ്മ സേന രൂപീകരിച്ച് കിളിമാനൂർ ഗ്രാമപഞ്ചായത്ത്. ശുചിത്വ മിഷനുമായി സഹകരിച്ച് ഹരിതചട്ടം നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പുതിയ പദ്ധതി രൂപീകരിച്ചത്. ഹരിത കർമ്മസേനയുടെ ഉദ്ഘാടനം കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രാജലക്ഷ്മി അമ്മാൾ നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ് എസ് സിനി അധ്യക്ഷയായിരുന്നു.
ഗ്രാമപഞ്ചായത്തിലെ പതിനഞ്ച് വാർഡുകളിൽ നിന്നും ഹരിത കർമ്മസേന വോളണ്ടിയർമാരെ തെരഞ്ഞെടുത്തു. ഇവർക്ക് യൂണിഫോമും ഐഡി കാർഡും വിതരണം ചെയ്തു. വോളണ്ടിയർമാർ ഓരോ വീട്ടിൽനിന്നും പ്ലാസ്റ്റിക്കുകൾ ശേഖരിക്കും. ഒരു കിലോ പ്ലാസ്റ്റിക്കിന് 50 രൂപ വീതം വീട്ടുകാർക്ക് നൽകും. ഇവ പഞ്ചായത്തിൽ എത്തിച്ച് തരംതിരിച്ച് ഷ്രഡിങ് യൂണിറ്റുകളിൽ എത്തിക്കുന്നതാണ് പദ്ധതി.
ഉദ്ഘാടന യോഗത്തിൽ കിളിമാനൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അജയകുമാർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ് ലിസി, ബ്ലോക്ക് മെമ്പർ മാലതി പ്രഭാകർ, ശുചിത്വ മിഷൻ കോർഡിനേറ്റർ ബിന്ദു തിലക്, വി.ഇ.ഒ ബിനു,  ജനപ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.
തെരഞ്ഞെടുപ്പ് അവലോകനയോഗം ചേർന്നു
2019 ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ ഡോ. കെ. വാസുകിയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ തെരഞ്ഞെടുപ്പ് അവലോകന യോഗം ചേർന്നു. ഒക്ടോബർ 29 നകം എല്ലാ രാഷ്ട്രീയ പാർട്ടികളും തങ്ങളുടെ ബൂത്ത് ലെവൽ ഏജന്റുമാരുടെ ഫോട്ടോ അടക്കമുള്ള വിവരങ്ങൾ അതത് ഇലക്ട്രൽ ഓഫീസർമാർക്ക് നൽകണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു.  നവംബർ മൂന്നിന് വില്ലേജ് ഓഫീസർ, ബൂത്ത് ലെവൽ ഓഫീസർ, ബൂത്ത് ലെവൽ ഏജന്റ് എന്നിവരടങ്ങിയ യോഗം അതത് വില്ലേജിൽ ചേരാനും കളക്ടർ നിർദേശിച്ചു.  സ്‌പെഷ്യൽ സമ്മറി റിവിഷൻ 2019 അനുസരിച്ച് 18 വയസ് പൂർത്തിയാകുന്നവർക്ക് വോട്ടർ പട്ടികയിൽ ചേരുന്നതിനും ചേർന്നവർക്ക് വിവരങ്ങൾ തിരുത്തുന്നതിനുമായി ംംം.ി്‌ുെ.ശി എന്ന വെബ്സൈറ്റിൽ സൗകര്യമുണ്ട്. അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളിലും താലൂക്ക്-കളക്ടറേറ്റ് തെരഞ്ഞെടുപ്പ് വിഭാഗങ്ങളിലും ഈ സേവനം ലഭ്യമാണ്.  ഇലക്ട്രൽ റോൾ ഒബ്സർവർ മിനി ആന്റണിയുടെ സാന്നിദ്ധ്യത്തിൽ നടന്ന യോഗത്തിൽ വിവിധ രാഷ്ട്രീയപാർട്ടികളുടെ ജില്ലാ ഭാരവാഹികൾ, ഡെപ്യൂട്ടി കളക്ടർ നിഷാറ്റ്, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
(പി.ആർ.പി. 2543/2018)

Leave a Reply

Your email address will not be published. Required fields are marked *