തമിഴ്നാട്ടില്‍ 18 എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി ശരിവെച്ചു

ചെന്നൈ: തമിഴ്നാട്ടില്‍ ടി.ടി.വി ദിനകരന്‍ പക്ഷത്തെ 18 എംഎല്‍എമാരെ അയോഗ്യരാക്കിയ നിയമസഭാ സ്പീക്കറുടെ നടപടി മദ്രാസ് ഹൈക്കോടതി ശരിവച്ചു. ജസ്റ്റിസ് എസ് സത്യനാരായണനാണ് വിധി പ്രഖ്യാപിച്ചത്.

എടപ്പാടി കെ പളനിസ്വാമിയെ മുഖ്യമന്ത്രിയായി അംഗീകരിക്കാനാകില്ലെന്ന് കാണിച്ച് കത്ത് നല്‍കിയതിനാണ് സ്പീക്കര്‍ പി ധനപാല്‍ ടിടിവി ദിനകരന്‍ പക്ഷത്തെ 18 എം എല്‍ എമാരെ അയോഗ്യരാക്കിയത്.

കേസില്‍ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിരാബാനര്‍ജി സ്പീക്കറുടെ നടപടി അംഗീകരിച്ചപ്പോള്‍ ജസ്റ്റിസ് എം സുന്ദര്‍ വിയോജിച്ചു.തുടര്‍ന്ന് കേസ് ജസ്റ്റിസ് എം സത്യനാരായണന് മുന്നിലെത്തുകയായിരുന്നു. ജൂണ്‍ 14 ന് കേസില്‍ ജഡ്ജിമാര്‍ ഭിന്നവിധി പുറപ്പെടുവിച്ചതോടെ കേസ് മൂന്നാമതൊരു ജഡ്ജിക്ക് കൈമാറുകയായിരുന്നു.

തമിഴ്നാട് സര്‍ക്കാറിന്റെ ഭാവി നിര്‍ണ്ണയിക്കുന്നതാണ് വിധി.18 എംഎല്‍എമാരുടെ അയോഗ്യത ശരിശവച്ചതോടെ 18 മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടിവരും.ഇത് ടിടിവി ദിനകരന്‍ പക്ഷത്തിന് തിരിച്ചടിയാകും. എന്നാല്‍ കോടതി വിധി തിരിച്ചടിയല്ലെന്നും തുടര്‍ നടപടികള്‍ ധീരമായി നേരിടുമെന്നും ടിടിവി ദിനകരന്‍ പറഞ്ഞു. സുപ്രീകോടതിയെ സമീപിക്കുമെന്നും ദിനകരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *