സര്‍ക്കാരിനെതിരെ യു.ഡി.എഫ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കി

തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെതിരെ യു.ഡി.എഫ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കി. നിയമസഭ ചട്ടം 63 പ്രകാരമാണ് വിഡി സതീശന്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്

വി.ഡി സതീശന്‍ നല്‍കിയ പ്രമേയ നോട്ടീസില്‍ പിണറായി വിജയന്‍ സര്‍ക്കാരില്‍ അവിശ്വാസം രേഖപ്പെടുത്തുന്നുവെന്ന ഒറ്റ വരിയാണുള്ളത്. ഈ മാസം 27ന് നിയമസഭ സമ്മേളിക്കുമ്പോള്‍ പ്രമേയം ചര്‍ച്ചയ്ക്ക് എടുക്കണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. അവിശ്വാസപ്രമേയം നിലനില്‍ക്കുന്നത് കൊണ്ട് ചര്‍ച്ചയ്ക്കെടുക്കാതെ മറ്റ് നടപടികളുമായി മുന്നോട്ട് പോകാന്‍ കഴിയില്ല.

നിലവിലെ കക്ഷിനില അനുസരിച്ച് യു.ഡി.എഫിന്‍റെ പ്രമേയം പരാജയപ്പെടും. എന്നാല്‍ സര്‍ക്കാരിനെതിരായ രാഷ്ട്രീയ നീക്കം ശക്തമാക്കുന്നതിന്‍റെ ഭാഗമായിട്ടാണ് പ്രതിപക്ഷം പ്രമേയം കൊണ്ടുവന്നത്. പ്രമേയത്തിന്‍മേലുള്ള ചര്‍ച്ചക്ക് സാധാരണഗതിയില്‍ രണ്ട് ദിവസമാണ് വേണ്ടതെങ്കില്‍ എത്രസമയം അനുവദിക്കാമെന്നത് സ്പീക്കറുടെ വിവേചനാധികാരമാണ്.

2005 ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ അന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ചതാണ് കേരള നിയമസഭയിലെ അവസാനത്തെ അവിശ്വാസ പ്രമേയം

 

Leave a Reply

Your email address will not be published. Required fields are marked *