ജാഗ്രതക്കുറവുണ്ടായി; മുഖ്യമന്ത്രിയുടെ ഓഫിസിനെ വിമര്‍ശിച്ച്‌ സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റ്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസിനെ രൂക്ഷമായി വിമര്‍ശിച്ച്‌ സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റ്. സ്വര്‍ണക്കടത്ത് വിവാദം സര്‍ക്കാറിന്റെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിച്ചെന്നും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിയന്ത്രണത്തില്‍ ഗുരുതരമായ പാളിച്ച ഉണ്ടായെന്നും സിപിഎം സെക്രട്ടേറിയേറ്റ് വിമര്‍ശിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ ശിവശങ്കറിന്റെ ഇടപെടലുകള്‍ നിരീക്ഷിക്കാനായില്ലെന്നും, വിഷയവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദം വലുതാക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞുവെന്നും വിമര്‍ശനം ഉയര്‍ന്നു. കൊവിഡ് പ്രതിരോധത്തിന്റെ നേട്ടം ഈ വിവാദത്തില്‍ നഷ്ടമായെന്നും സെക്രട്ടേറിയേറ്റ് ചൂണ്ടിക്കാട്ടി.

ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും സെക്രട്ടേറിയേറ്റ് നിര്‍ദേശിച്ചു. അതേ സമയം വിവാദത്തില്‍ പ്രതിസ്ഥാനത്തുള്ള തന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും വിശ്വസ്തനുമായിരുന്ന ശിവശങ്കറിനെ പൂര്‍ണ്ണമായി കൈയ്യൊഴിയുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചത്. ശിവശങ്കറിന്റെ വീഴ്ചകള്‍ വിശദീകരിച്ചായിരുന്നു പാര്‍ട്ടിയോഗത്തില്‍ മുഖ്യമന്ത്രി മറുപടി പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *