യുഎഇ കോണ്‍സുലേറ്റ് വഴിയുള്ള സ്വര്‍ണകടത്ത്: മുഖ്യ ആസൂത്രക ഐടി വകുപ്പിലെ ഉദ്യോഗസ്ഥ സ്വപ്ന സുരേഷ്

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് വഴിയുള്ള സ്വര്‍ണകടത്ത് കേസില്‍ മുഖ്യ ആസൂത്രക ഐടി വകുപ്പിലെ ഉദ്യോഗസ്ഥയായ സ്വപ്ന സുരേഷെന്ന് കസ്റ്റംസ്. ഐ.ടി. വകുപ്പ് ഓപ്പറേഷൻസ് മാനേജരാണ് സ്വപ്ന സുരേഷ്. ഇവർ യു.എ.ഇ കോൺസുലേറ്റിലും ജോലി ചെയ്തിരുന്നു. കസ്റ്റഡിയിലുള്ള മുൻ പി.ആർ.ഒ. സരിത്തിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്.

തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലേക്കുള്ള ഡിപ്ലോമാറ്റിക് ബാഗേജ് വഴി 100 കോടിയിലേറെ രൂപയുടെ സ്വര്‍ണം കടത്തിയിട്ടുണ്ടെന്നാണ് പിടിയിലായ സരിത്തിന്‍റെ മൊഴി. 2019 മുതല്‍ ഇത്തരത്തില്‍ സ്വര്‍ണം കടത്തുന്നുണ്ട്. ആര്‍ക്കാണ് സ്വര്‍ണം നല്‍കുന്നതെന്ന് അറിയില്ലെന്നും സ്വര്‍ണം കടത്തിക്കൊടുക്കുക മാത്രമാണ് ഉത്തരവാദിത്തമെന്നും സരിത്ത് മൊഴി നല്‍കി.

യു.എ.ഇ കോൺസുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥരിലേക്ക് വിരൽ ചൂണ്ടുകയാണ് തിരുവനന്തപുരം സ്വർണ്ണ കടത്ത്. കസ്റ്റഡിയിലുള്ള മുൻ പി.ആർ.ഒ സരിത്തിനെ കൊച്ചിയിലെ ഡി.ആർ.ഐ ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. സ്വർണ്ണക്കടത്തിന്റെ മുഖ്യ ആസൂത്രിക ഐ.ടി.വകുപ്പ് ഉദ്യോഗസ്ഥ സ്വപ്ന സുരേഷാണെന്ന് വ്യക്തമായിട്ടുണ്ട്. ഇവർ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതിന്‍റെ തെളിവുകൾ കസ്റ്റംസിന് ലഭിച്ചു.

2019 മുതൽ ഡിപ്ലോമാറ്റിക് ബാഗേജ് വഴി 100 കോടിയിലേറെ രൂപയുടെ സ്വര്‍ണം ഇതുവരെ കടത്തിയിട്ടുണ്ടെന്ന് സരിത്ത് മൊഴി നൽകി. ആര്‍ക്കാണ് സ്വര്‍ണം നല്‍കുന്നതെന്ന് അറിയില്ല. സ്വര്‍ണം കടത്തിക്കൊടുക്കുക മാത്രമാണ് ഉത്തരവാദിത്തം. 10 മുതൽ 15 ലക്ഷം വരെ കമീഷൻ ലഭിക്കുമെന്നും സരിത്ത് കസ്റ്റംസിനെ അറിയിച്ചു. രണ്ട് മാസം മുമ്പ് പി.ആർ.ഒ പോസ്റ്റിൽ നിന്ന് സരിത്തിനെ നീക്കിയിരുന്നു.

സ്വപ്ന സുരേഷാണ് എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത്. യു. എ. ഇ കോൺസുലേറ്റിൽ നിന്ന് മാറിയിട്ടും ഇവിടത്തെ ഉദ്യോഗസ്ഥരുമായി ഇവർക്ക് നല്ല ബന്ധമുണ്ടായിരുന്നു. ഒളിവിൽ പോയ ഇവർക്കായി കസ്റ്റംസ് തിരച്ചിൽ ആരംഭിച്ചു. സരിത്തിനെ വിശദമായി ചോദ്യം ചെയ്യേണ്ടിവരുമെന്ന് ഡിആര്‍ഐ യും കസ്റ്റംസും അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് യുഎഇ കോൺസുലേറ്റിന്‍റെ പേരിൽ വന്ന, പാഴ്സൽ വഴി കടത്താൻ ശ്രമിച്ച കോടികൾ വിലമതിക്കുന്ന സ്വർണം പിടികൂടിയത്. സംസ്ഥാനത്ത് സമീപകാലത്ത് നടന്ന ഏറ്റവും വലിയ സ്വർണവേട്ടയാണിത്. യാത്രക്കാർ കടത്താൻ ശ്രമിക്കുന്ന സ്വർണം സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ പിടികൂടാറുണ്ട് എങ്കിലും ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണം പിടികൂടുന്നത് ഇതാദ്യമാണ്.

യുഎഇ കോൺസുലേറ്റിന്‍റെ പേരിൽ വന്ന പാഴ്സൽ പരിശോധിച്ചതിൽ 15 കോടി വിലമതിക്കുന്ന 30 കിലോയോളം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. കാർഗോ ഫ്ലൈറ്റിലാണ് ദുബൈയിൽ നിന്ന് പാഴ്സൽ എത്തിയത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കസ്റ്റംസ് കാർഗോ വിഭാഗത്തിൽ പരിശോധന നടത്തുകയായിരുന്നു. പല രൂപത്തിലാക്കിയ സ്വർണമാണ് കണ്ടെടുത്തിട്ടുള്ളത്.

തിരുവനന്തപുരത്തെ സ്വർണവേട്ടയെ കുറിച്ച് അറിയില്ലെന്ന് യുഎഇ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽ സാബി കസ്റ്റംസിനെ അറിയിച്ചു. ഭക്ഷണ സാധനങ്ങളാണ് പാഴ്സലായി വരാറുള്ളതെന്നും വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *