ടൈറ്റാനിയത്തില്‍ 280 കോടിരൂപയുടെ പുതിയ പ്രോജക്റ്റിനെതിരെ പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍

തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ 280 കോടിരൂപ ചെലവില്‍ തുടങ്ങാനിരിക്കുന്ന പുതിയ പദ്ധതിക്കെതിരെ കടുത്ത എതിര്‍പ്പുമായി പ്രതിപക്ഷ സംഘടനാ യൂണിയനുകള്‍. പ്രതികൂലസാഹചര്യത്തില്‍ പുതിയ പ്രോജക്ട് ആരംഭിച്ചാല്‍ കമ്പനി വീണ്ടും കടുത്ത സാമ്പത്തിക ബാധ്യയില്‍പ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ യൂണിയനുകള്‍ രംഗത്ത് വന്നിരിക്കുന്നത്.

ട്രീറ്റ്‌മെന്റ് പ്ലാന്‍ സ്ഥാപിച്ചതിലുടെ കമ്പനിക്കുണ്ടായ ഭാരിച്ച ബാധ്യത തീര്‍ന്നിട്ട് ഇപ്പോള്‍ രണ്ടുമാസം ആയതേയുള്ളൂ. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാ്ത്തലത്തില്‍ ടൈറ്റാനിയം ഉല്‍പ്പന്നങ്ങളുടെ വിപണി പ്രതികൂലാവസ്ഥയിലാണെന്നും അതിനിടെയാണ് പുതിയ 280 കോടിയുടെ പദ്ധതിക്ക് വേണ്ടി അധികൃതര്‍ നീക്കം നടത്തുന്നതെന്നും യൂണിയനുകള്‍ കുറ്റപ്പെടുത്തുന്നു.

പുതിയ പദ്ധതി സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് കഴിഞ്ഞ ദിവസം വിളിച്ചുകൂട്ടിയ ഉന്നതതലയോഗത്തില്‍ ഐ.എന്‍.ടി.യു.സി., ബി.എം.എസ് തുടങ്ങിയ പ്രതിപക്ഷ യൂണിയനുകള്‍ പങ്കെടുക്കാതെ ബഹിഷ്‌ക്കരിച്ചു.

സംസ്ഥാനത്ത് എല്‍.ഡി.എഫ് ഭരണം അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കവെ പുതിയ കോടികളുടെ പ്രോജക്ടുമായി മാനേജ്‌മെന്റ് രംഗത്ത് വരുന്നതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചായിരുന്നു യോഗം ബഹിഷ്‌ക്കരിച്ചത്.
പുതിയ പ്രോജക്റ്റിന് അനുമതി ലഭിച്ചാല്‍ ടെണ്ടര്‍ നല്‍കുന്നതിലൂടെ ലക്ഷങ്ങള്‍ കമ്മിഷന്‍ കിട്ടുമെന്നും അതിനുവേണ്ടിയാണ് ദ്രുതഗതിയിലുള്ള നടപടിയെന്നും പരക്കെ ആക്ഷേപമുണ്ട്.

മാര്‍ക്കറ്റ് വിപണിയില്‍ എത്രത്തോളം ഫലവത്താകുമെന്നതിനെക്കുറിച്ച് യാതൊരു പഠനവും നടത്തിയിട്ടില്ലാത്ത ലിഥിയം ടൈറ്റാനിയത്തിന്റെ പരീക്ഷണം മാത്രമാണ് ഇതുവരെ നടന്നിട്ടുള്ളത്. ആനോടിന് പകരം ഇലക്ട്രിക് ബാറ്ററികളില്‍ ലിഥിയം ഉപയോഗിക്കാമെന്നതാണ് അധികൃതര്‍ വിശദീകരിക്കുന്നത്.

പ്രതിമാസം ഒന്‍പത് കോടിയോളം അധികബാധ്യതയാണ് ഇപ്പോള്‍ കമ്പനിക്കുള്ളത്. ഇതു മറികടക്കാന്‍ ഉല്‍പ്പന്നങ്ങള്‍ നല്‍കിയ സ്ഥാപനങ്ങളില്‍ നിന്ന് കുടിശ്ശിക പിരിച്ചെടുക്കുകയണ് ചെയ്യുന്നത്്. കൂടാതെ 64 കോടിയുടെ മ്‌റ്റൊരു പ്രോജക്ടായ കോപ്രാസ് പ്ലാന്റി്‌ന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കമ്പനിക്ക് ഇതുവരെ കഴിഞ്ഞിട്ടുമില്ല. ഇപ്പോള്‍ വിപണിയിലുള്ള ഉല്‍പ്പന്നത്തിന് നിലവാരമില്ല എന്ന ആക്ഷേപവുമുണ്ട്. കോപ്രാസ് പ്ലാന്റ് പ്രവര്‍ത്തനസജ്ജമാക്കിയാല്‍ ഉല്‍പ്പന്നത്തിന്റെ നിലവാരം കൂട്ടാനും കഴിയും. എന്നാല്‍ കമ്പനി ഇതിനുവേണ്ടി ഒന്നും തന്നെ ചെയ്യുന്നില്ലെന്നും ഈ സാഹചര്യത്തില്‍ പുതിയ പദ്ധതികള്‍ കമ്പനിക്ക് ബാധ്യതയാവുമെന്നും യൂണിയനുകള്‍ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *