വിവിധ അജണ്ടകളുള്ള വിദേശ ആപ്പുകളെ ആശ്രയിക്കുന്നത് അവസാനിപ്പിക്കണമെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്

ന്യൂഡല്‍ഹി: വിവിധ അജണ്ടകളുള്ള വിദേശ ആപ്പുകളെ ആശ്രയിക്കുന്നത് ഇന്ത്യഅവസാനിപ്പിക്കണമെന്ന്  കേന്ദ്ര ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രി രവിശങ്കർ പ്രസാദ്. ചൈനീസ് ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഇന്ത്യൻ ആപ്പുകൾക്ക് ഇത് മികച്ച അവസരമാണെന്നും മന്ത്രി പറഞ്ഞു.

ഡിജിറ്റൽ ഇന്ത്യ അഞ്ച് വർഷം പൂർത്തിയാകുന്നതിന്‍റെ ഭാഗമായുള്ള വെർച്വൽ കോൺഫറൻസിലാണ് മന്ത്രിയുടെ പ്രതികരണം.

ചൈനീസ് ആപ്പുകളുടെ നിരോധനത്തിന്‍റെ വിശദാംശങ്ങളിലേക്ക് പോകാൻ താൻ ആഗ്രഹിക്കുന്നില്ല. നിയമപരമായി തന്നെ ചെയ്തതാണ് നിരോധനം. ഇന്ത്യന്‍ നിര്‍മിത ഉത്പന്നങ്ങള്‍ക്കും ആപ്പുകള്‍ക്കും മികച്ച അവസരമാണിതെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യൻ ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്ന സ്റ്റാർട്ടപ്പുകളെയും വ്യക്തികളെയും പ്രോത്സാഹിപ്പിക്കണമെന്ന് കോണ്‍ഫറന്‍സില്‍ പങ്കെടുത്ത നാസ്കോം പ്രസിഡന്റ് ഡെബ്ജാനി ഘോഷിനോടും ഇൻഫോസിസ് നോൺ എക്സിക്യൂട്ടീവ് ചെയർമാൻ നന്ദൻ നിലേകനിയോടും മന്ത്രി അഭ്യര്‍ഥിച്ചു. സര്‍ക്കാരിന്‍റെ പ്രോത്സാഹനം ഉണ്ടാകും. പക്ഷേ പലരുടെയും സഹായം സര്‍ക്കാരിന് ഇക്കാര്യത്തില്‍ ആവശ്യമാണ്. പൊതു, സ്വകാര്യ പങ്കാളിത്തത്തിന് വലിയ സാധ്യതയുണ്ടെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *