കടലൂര്‍ നെയ് വേലി ലിഗ്നൈറ്റ് കോര്‍പറേഷനില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച് 6 മരണം

ചെന്നൈ: തമിഴ്‍നാട്ടിലെ കടലൂര്‍ നെയ് വേലി ലിഗ്നൈറ്റ് കോര്‍പറേഷനില്‍ വീണ്ടും അപകടം. ബോയിലര്‍ പൊട്ടിത്തെറിച്ച് ആറ് തൊഴിലാളികള്‍ മരിച്ചു. 11 പേര്‍ക്ക് പരുക്കേറ്റു. ഇവരെ ലിഗ്നൈറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാവിലെ ഒന്‍പത് മണിയോടെയാണ് അപകടമുണ്ടായത്. രണ്ടാം സ്റ്റേജിലെ അഞ്ചാം യൂണിറ്റിലായിരുന്നു അപകടം. 87 മീറ്റര്‍ ഉയരമുള്ള ബോയിലറാണ് പൊട്ടിത്തെറിച്ചത്.

രണ്ട് തൊഴിലാളികള്‍ സംഭവസ്ഥലത്ത് വെച്ചും ബാക്കിയുള്ളവര്‍ ആശുപത്രിയിലും മരിച്ചു. എല്ലാവരും കരാര്‍ തൊഴിലാളികളാണ്. അപകടമുണ്ടായ സ്ഥലത്ത് കൂടുതല്‍ തൊഴിലാളികള്‍ കുടുങ്ങിയിട്ടുണ്ടെന്ന സംശയത്തില്‍ തിരച്ചില്‍ തുടരുന്നുണ്ട്. അഗ്നിശമന സേനയെത്തി, തീ നിയന്ത്രണ വിധേയമാക്കി.

പൊള്ളലേറ്റ് ആശുപത്രിയില്‍ കഴിയുന്ന ചിലരുടെ നില ഗുരുതരമാണെന്നാണ് സൂചന. തൊഴിലാളികള്‍ക്ക് സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് മൃതദേഹങ്ങള്‍ കൊണ്ടുവന്ന ആംബുലന്‍സുകള്‍ ബന്ധുക്കളും നാട്ടുകാരും തടഞ്ഞു. സ്ഥലത്ത് വന്‍ പൊലിസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.

രണ്ടു മാസങ്ങള്‍ക്കിടെ രണ്ടാം തവണയാണ് പ്ലാന്‍റില്‍ അപകടം ഉണ്ടാകുന്നത്. പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല. ഈ പ്ലാന്‍റ് പ്രവര്‍ത്തനക്ഷമമായിരുന്നില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *