കോവിഡ് പ്രതിരോധത്തിൽ ഇന്ത്യ മെച്ചപ്പെട്ട നിലയിലെന്നു പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിൽ രാജ്യം മെച്ചപ്പെട്ട നിലയിലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കൃത്യസമയത്തെ ലോക്ഡൗൺ മരണനിരക്ക് കുറച്ചു. ഇന്ത്യ ഭദ്രമായ നിലയിലാണ്. കോവിഡ് മരണനിരക്കിൽ ഇന്ത്യ മെച്ചപ്പെട്ട നിലയിലെന്നും രാജ്യത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു.

രാജ്യം അണ്‍ലോക്ക്-2ലേക്ക് കടന്നിരിക്കുന്നു. പനിയുടെയും ചുമയുടെയും ജലദോഷത്തിന്റെയും സമയമാണിത്. അതുകൊണ്ട് എല്ലാവരും ജാഗ്രത പാലിക്കണം. ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് ഉചിതമായ സമയത്താണ്. അണ്‍ലോക്ക് ആരംഭിച്ചപ്പോള്‍ പലയിടത്തും ജാഗ്രതക്കുറവ് ഉണ്ടായി. ചട്ടങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറാകണം. ജനങ്ങള്‍ ജാഗ്രതക്കുറവ് കാട്ടരുതെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ലോക്ഡൗണിനൊപ്പം ശക്തമായ മുൻകരുതലെടുത്തത് ഇന്ത്യയ്ക്കു കരുത്തായി. കോവിഡ് മാർഗനിർദേശങ്ങൾ എല്ലാവരും പാലിക്കണം. പ്രധാനമന്ത്രി മുതൽ പഞ്ചായത്ത് പ്രസിഡന്റ് വരെ ആരും നിയമത്തിനു മുകളിലല്ല. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന നവംബർ അവസാനം വരെ നീട്ടി. 80 കോടി കുടുംബങ്ങൾക്ക് 5 കിലോ അരിയോ ഗോതമ്പോ നൽകും. ഒരു രാജ്യം, ഒരു റേഷൻ കാർഡ് പദ്ധതി അതിഥി തൊഴിലാളികൾക്കു തുണയാകും.

വരുന്ന മാസങ്ങള്‍ ഉത്സവങ്ങളുടെ കാലമാണ്. മാസം അഞ്ച് കിലോ അരി, ഒരു കിലോ പരിപ്പ് എന്നിവ സൗജന്യമായി ലഭിക്കുന്ന പദ്ധതി ദീപാവലി, ഛാത് പൂജ തുടങ്ങിയ ഉത്സവങ്ങള്‍ക്കു ശേഷം നവംബര്‍ വരെ ദീര്‍ഘിപ്പിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് 19 മഹാമാരിയുടെ കാര്യത്തില്‍ ലോകത്തെ മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യ ഇപ്പോഴും സ്ഥിരതയുള്ള അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *