കോവിഡ് രോഗികൾക്ക് ഡെക്സാ മെഥാസോൺ നൽകാം

ന്യൂഡൽഹി: ഗുരുതരമായ കോവിഡ് കേസുകളിൽ ഡെക്സാമെഥാസോൺ മരുന്ന് ഉപയോഗിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി.

നിലവിൽ ഉപയോഗിച്ചുവരുന്ന മീഥേൽ‌ പ്രെഡ്നിസോളോണിന്‌ പകരമാണ് ഇത്. കോവിഡ് കേസുകൾ കൈകാര്യം ചെയ്യുന്നതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച പുതുക്കിയ ആരോഗ്യ നിയന്ത്രണ പ്രോട്ടോക്കോളിലാണ് ഇക്കാര്യം അറിയിച്ചത്. അണുബാധ നിയന്ത്രിക്കുന്നതിനുള്‍പ്പെടെ ഉപയോഗിച്ചു വരുന്ന കോർട്ടികോ സ്റ്റിറോയിഡ് മരുന്നാണ് ഡെക്സാമെഥസോൺ.

കോവിഡ്‌ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗികളിൽ ഈ മരുന്ന് പരീക്ഷിച്ചിരുന്നു. ഗുരുതരമായി രോഗം ബാധിച്ചവരിൽ മരുന്നു ഫലപ്രദമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഉപയോഗിക്കാൻ അനുമതി നൽകിയത്. വെന്റിലേറ്ററുകളിൽ കഴിഞ്ഞിരുന്ന രോഗികളിൽ മരണനിരക്ക് മൂന്നിലൊന്നായും ഓക്സിജൻ തെറാപ്പി നൽകുന്ന രോഗികളുടെ മരണനിരക്ക്  അഞ്ചിലൊന്നായും കുറയ്‌ക്കാന്‍ ഈ മരുന്നിന് കഴിയുന്നതായി കണ്ടെത്തി. ദേശീയ അവശ്യ മരുന്നുപട്ടികയിൽ (എൻ‌എൽ‌ഇഎം) ഉള്ള മരുന്നാണ് ഡെക്സാ മെഥസോൺ.

ബ്രിട്ടനിൽ നടത്തിയ ക്ലിനിക്കൽ ട്രയലുകൾ വിജയം കണ്ടതിനെ തുടർന്നു ഡെക്സാ മെഥാസോണിന്റെ ഉൽപാദനം വർധിപ്പിക്കാൻ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) നിർദേശം നൽകിയിരുന്നു. ഗുരുതരാവസ്ഥയിൽ ഉള്ള രോഗികളിൽ മാത്രമെ ഈ മരുന്ന് ഉപയോഗിക്കാൻ പാടുള്ളൂ. പുതുക്കിയ പ്രോട്ടോക്കോൾ പ്രകാരം സംസ്ഥാനതലത്തിൽ ഡെക്സാമെഥാസോൺ മരുന്നിന്റെ ലഭ്യതയ്ക്കും ഉപയോഗത്തിനും ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യുന്നതിനായി കേന്ദ്ര ആരോഗ്യസെക്രട്ടറി പ്രീതി സുധൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും പുതുക്കിയ പ്രോട്ടോക്കോൾ കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *