മേല്‍ക്കോയ്മ അവകാശം കൊട്ടാരത്തില്‍ നിലനിര്‍ത്തിയിട്ടുണ്ട്; ക്ഷേത്രം ഭക്തരുടേതാണ് ; നടത്തിപ്പു ചുമതലമാത്രം ദേവസ്വം ബോര്‍ഡിന്: ശശികുമാര വര്‍മ്മ

പത്തനംതിട്ട:  ക്ഷേത്രം ഭക്തരുടേതാണ്. നടത്തിപ്പു ചുമതലയാണ് ദേവസ്വം ബോര്‍ഡിനുള്ളത്.
കവനന്റ് പ്രകാരം അധികാരം കൈമാറുമ്പോള്‍ മേല്‍ക്കോയ്മ അവകാശം കൊട്ടാരത്തില്‍ നിലനിര്‍ത്തിയിട്ടുണ്ടെന്നും കൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്റ് പി.ജി. ശശികുമാര വര്‍മയും സെക്രട്ടറി പി.എന്‍. നാരായണ വര്‍മയും പറഞ്ഞു.

ശബരിമലയും പന്തളം കൊട്ടാരവുമായുള്ള ബന്ധം അഞ്ചു വര്‍ഷം കൂടുമ്പോള്‍ മാറുന്നതല്ലെന്നു കൊട്ടാരം നിര്‍വാഹക സംഘം. പിതൃപുത്ര ബന്ധം ലോകമുള്ള കാലത്തോളും ഉണ്ടാകുമെന്നും അവര്‍ പറഞ്ഞു.

തുലാമാസ പൂജയ്ക്കിടെ ക്ഷേത്രം അടച്ചിടാന്‍ കൊട്ടാരം ആവശ്യപ്പെട്ടിട്ടില്ല. ആചാര ലംഘനം നടന്നാല്‍ ക്ഷേത്രം അടച്ചു ശുദ്ധിക്രിയയ്ക്കു ശേഷമേ തുറക്കാവു എന്നാണു പറഞ്ഞത്. അത് എല്ലാ ക്ഷേത്രങ്ങളിലും നിലനില്‍ക്കുന്ന ആചാരമാണ്. ക്ഷേത്രം അടച്ചു താക്കോലുമായി പോരാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അവര്‍ പറഞ്ഞു. ശബരിമലയുടെ സ്വത്തില്‍ കണ്ണുള്ളവരാണു പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. ശബരിമലയില്‍നിന്ന് അഞ്ചുപൈസ പന്തളം കൊട്ടാരത്തിനു വേണ്ട. പക്ഷേ, ആചാര കാര്യങ്ങളില്‍ വിട്ടുവീഴ്ചയ്ക്കില്ല. ജാതിയുടെയും മതത്തിന്റെയും പേരു പറഞ്ഞു ജനങ്ങളെ രണ്ടാക്കി അതില്‍നിന്ന് ഇറ്റു വീഴുന്ന രക്തം നക്കി കുടിക്കാന്‍ ശ്രമിക്കുന്നവരുടെ വലയില്‍ ജനങ്ങള്‍ വീണില്ല എന്നതാണ് ആശ്വാസം.

ശബരിമലയിലെ അസൗകര്യങ്ങള്‍ പരിഹരിക്കേണ്ട സര്‍ക്കാര്‍ ചിലരെ നാടക നടിമാരെ പോലെ വേഷം കെട്ടിച്ചു പൊലീസ് സംരക്ഷണയില്‍ കൊണ്ടു നടക്കുകയാണ്. അവിടെ ഭക്തരെ സംരക്ഷിക്കാന്‍ അയ്യപ്പനും മലവേടന്മാരും മാത്രമേ ഉണ്ടായിരുന്നുള്ളു. സുപ്രീം കോടതിക്ക് അപ്പുറത്ത് ഒരു അസാധാരണ കോടതിയുണ്ടെന്നും അതിന്റെ വിധി വരുമെന്നും ഇരുവരും പറഞ്ഞു. ശബരിമലയില്‍ ആചാര കാര്യത്തില്‍ തന്ത്രിയുടെ തീരുമാനങ്ങള്‍ അന്തിമമാണെന്നു സുപ്രീം കോടതി പോലും അംഗീകരിച്ച കാര്യമാണ്. മലയരയരെ ശബരിമലയില്‍നിന്ന് ഒഴിപ്പിച്ചത് 1950നു ശേഷമാണ്. അതിനു നേതൃത്വം നല്‍കിയത് ആരാണെന്നു കണ്ടെത്തണം. കൊട്ടാരം, ക്ഷേത്രം പിടിച്ചെടുത്തിട്ടില്ലെന്നും അവര്‍ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *