മനോജ് കുമാറിനെ ബാലാവകാശ കമ്മിഷൻ ചെയർമാനായി നിയമിക്കാനുള്ള തീരുമാനത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സി.പി.എം നോമിനിയായ മനോജ് കുമാറിനെ ബാലാവകാശ കമ്മിഷൻ ചെയർമാനായി നിയമിക്കാനുള്ള തീരുമാനത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മനോജ് കുമാർ പരമ യോഗ്യനും നല്ല ചുറുചുറുക്കുമുള്ള ആളാണെന്നും, അതുതന്നെയാണ് അദ്ദേഹത്തിന്റെ യോഗ്യത എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.

‘ബാലാവകാശ കമ്മിഷൻ ചെയർമാനെ നിശ്‌ചയിക്കുന്നത് സാധാരണഗതിയിലുള്ള മാനദണ്ഡങ്ങൾ വച്ചാണ്. അതനുസരിച്ച് അപേക്ഷ ക്ഷണിച്ചു. അതിന് യോഗ്യരായവരെ ഇന്റർവ്യൂ ചെയ്‌തു. അതിൽ യോഗ്യനായ ആൾക്ക് ശുപാർശ വന്നു. അംഗീകാരം കൊടുത്തു. അതാണ് മനോജ് കുമാർ എന്ന ഇപ്പോഴത്തെ ബാലാവകാശ കമ്മിഷൻ ചെയർപേഴ്‌സൺ. ഇന്റർവ്യൂ ബോർഡിന് യോഗ്യരായി കാണുന്നയാളെയാണ് ഇക്കാര്യത്തിൽ തിരഞ്ഞെടുക്കുക. അതിൽ ഇദ്ദേഹം നല്ല തോതിൽ ബാലാവകാശവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ കഴിയുന്ന ആളാണ്. അതിന്റെ ഭാഗമായി തന്നെയാണ് മനോജ് കുമാറിനെ തിരഞ്ഞെടുത്തത്. അതിൽ സ്വാഭാവികമായും ചിലർക്ക് പരാതിയുണ്ടായെന്ന് വരാം. അത് തിരഞ്ഞെടുപ്പിനെ ബാധിക്കുന്ന ഒന്നല്ല. തിരഞ്ഞെടുപ്പ് ശരിയായ ബുദ്ധി ഉപയോഗിച്ചുകൊണ്ടുതന്നെ നടത്തിയിട്ടുള്ളതാണ്. നിയമത്തിലോ ചട്ടത്തിലോ ഒരു ഇളവും വരുത്തിയിട്ടില്ല’-മുഖ്യമന്ത്രി പറഞ്ഞു

മനോജ് കുമാറിന്റെ യോഗ്യത എന്തെന്ന് വിശദീകരിക്കാമോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ മറുപടി ഇപ്രകാരമായിരുന്നു- ‘അദ്ദേഹം പരമയോഗ്യൻ തന്നെ. അതു തന്നെയാണ് ഏറ്റവും വലിയ യോഗ്യത. നല്ല ചുറുചുറുക്കുള്ള ആളാണ്. നല്ല രീതിയിൽ കാര്യങ്ങൾ നിർ‌വഹിക്കാൻ പറ്റും. കാര്യങ്ങൾ നല്ല ഭംഗിയായി നിർവഹിക്കാൻ പറ്റും’.

Leave a Reply

Your email address will not be published. Required fields are marked *