ക്ഷേമനിധിബോർഡുകൾ ലയിപ്പിക്കാന്‍ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: തൊഴിൽ വകുപ്പിനു കീഴിൽ പ്രവർത്തിച്ചു വരുന്ന 16 ക്ഷേമനിധിബോർഡുകൾ 11 ആയി കുറയ്ക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ് കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡുമായും കേരള ആഭരണ തൊഴിലാളി ക്ഷേമനിധി ബോർഡ് കേരള ഷോപ്പ്‌സ് ആന്റ് കോമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡുമായും സംയോജിപ്പിക്കും.

കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോർഡും കേരള ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി ബോർഡും കേരള ലേബർ വെൽഫയർ ഫണ്ട് ബോർഡുമായി ചേർക്കും. കേരള ബീഡി ആന്റ് സിഗാർ തൊഴിലാളി ക്ഷേമനിധി ബോർഡ്, കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡുമായുമാണ് സംയോജിപ്പിക്കുക.

ഉയർന്ന ഭരണച്ചെലവ് കാരണം മിക്ക ക്ഷേമനിധി ബോർഡുകളും സാമ്പത്തിക പ്രതിസന്ധിയിലാണ്. പല ബോർഡുകളുടെയും നിലനിൽപ്പ് തന്നെ പ്രയാസമായിട്ടുണ്ട്. ബോർഡുകളിൽ അംഗമായ തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തിക്കൊണ്ട് എണ്ണം കുറയ്‌ക്കേണ്ടതു അനിവാര്യമായിരിക്കുകയാണ്.

ഈ പ്രശ്‌നം പഠിക്കാൻ ലേബർ കമീഷണർ അധ്യക്ഷനായി തൊഴിലാളി സംഘടനാ പ്രതിനിധികൾ ഉൾപ്പെടുന്ന സബ്കമ്മിറ്റി രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റിയുടെ ശുപാർശ പരിഗണിച്ചാണ് 16 ബോർഡുകൾ 11 ആയി കുറയ്ക്കാൻ തീരുമാനിച്ചത്. ഇതു പ്രാവർത്തികമാക്കുന്നതിന് നിയമനിർമാണം നടത്താനും തീരുമാനിച്ചിട്ടുണ്ട്.

കിലയിൽ സെന്റർ ഫോർ അർബൻ ഗവേണൻസ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അർബൻ ചെയർ രൂപീകരിക്കും. ഇതിന് അർബൻ ചെയർ പ്രൊഫസർ, സീനിയർ അർബൻ ഫെല്ലോ, അർബൻ ഫെല്ലോ എന്നീ തസ്തികകൾ സൃഷ്ടിക്കും.
കേരള ഫൈബർ ഒപ്റ്റിക് നെറ്റ് വർക്കിന്റെ പദ്ധതി നിർവ്വഹണത്തിന് കെ-ഫോൺ ലിമിറ്റഡിൽ 6 തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു. മാനേജിംഗ് ഡയറക്ടർ, കമ്പനി സെക്രട്ടറി ആന്റ് ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ, ചീഫ് ഫിനാൻസ് ഓഫീസർ, ഫിനാൻഷ്യൽ അസിസ്റ്റന്റ്, എക്‌സിക്യൂട്ടീവ് ഡയറക്ടർ, മാനേജർ എന്നീ തസ്തികകളാണ് സൃഷ്ടിക്കുക.

കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡിൽ (കെ.എസ്.ഐ.ടി.ഐ.എൽ) 16 സ്ഥിരം തസ്തികകളും പ്രൊജക്ട് അധിഷ്ഠിതമായി 18 താൽക്കാലിക തസ്തികകളും സൃഷ്ടിക്കാൻ തീരുമാനിച്ചു. മാനേജിംഗ് ഡയറക്ടർ, ജനറൽ മാനേജർ, കമ്പനി സെക്രട്ടറി ആന്റ് ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ, ചീഫ് ഫിനാൻഷ്യൽ ഓഫീസർ, മാനേജർ (എസ്റ്റേറ്റ്), ഡെപ്യൂട്ടി മാനേജർ (ഫിനാൻസ്) എന്നിവയുടെ ഓരോ തസ്തിക വീതവും ടെക്‌നിക്കൽ വിഭാഗത്തിലെ ഡെപ്യൂട്ടി ജനറൽ മാനേജർ, മാനേജർ, അസിസ്റ്റന്റ് മാനേജർ എന്നിവയുടെ 2 തസ്തികകൾ വീതവും ഡെപ്യൂട്ടി മാനേജരുടെ (ടെക്) 4 തസ്തികയുമാണ് സ്ഥിരമായി സൃഷ്ടിക്കുക.

കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്‌സണായി അഡ്വ. കെ.വി. മനോജ്കുമാറിനെ നിയമിക്കാൻ തീരുമാനിച്ചു.

താലൂക്ക്, ജില്ലാ ലൈബ്രറി കൗൺസിലുകളിൽ ജോലി ചെയ്തുവരുന്ന 46 പേരുടെ സർവ്വീസ് റെഗുലറൈസ് ചെയ്യാൻ തീരുമാനിച്ചു.

ആറാട്ടുപ്പുഴ ഗ്രാമപഞ്ചായത്തിൽ സീനിയർ ക്ലാർക്കായി ജോലി നോക്കിവരവെ വാഹനാപകടത്തെ തുടർന്ന് ഇൻവാലിഡ് പെൻഷൻപറ്റി സേവനത്തിൽ നിന്നും പിരിഞ്ഞ എം. ഷറഫിന്റെ മകൻ എസ്. മിൽഹാജിന് ആശ്രിത നിയമന വ്യവസ്ഥ പ്രകാരം നിലവിലുള്ള ചട്ടങ്ങളിൽ ഇളവു നൽകി നിയമനം നൽകും.

Leave a Reply

Your email address will not be published. Required fields are marked *