റിലയൻസ് ഇൻഡസ്ട്രീസ് കടബാധ്യതയില്ലാത്ത കമ്പനിയായി മാറിയെന്ന് മുകേഷ് അംബാനി

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് കടബാധ്യതയില്ലാത്ത കമ്പനിയായി മാറിയെന്ന് ചെയർമാൻ മുകേഷ് അംബാനി.  കമ്പനിയുടെ വിപണിമൂല്യം 11 ലക്ഷം കോടി രൂപ കടന്ന് റെക്കോർഡിട്ടു.

ഓഹരിവില  6.3% ഉയർന്നതോടെയാണ്, വിപണിയിലെ മൊത്തം റിലയൻസ് ഓഹരികളുടെ മൂല്യം (മാർക്കറ്റ് ക്യാപിറ്റലൈസേഷൻ) 11,15,418 കോടി രൂപ(15000 കോടി ഡോളർ) ആയത്. ഈ നിലയിലെത്തുന്ന ആദ്യ ഇന്ത്യൻ കമ്പനിയാണു റിലയൻസ്.ഓഹരി സൂചിക സെൻസെക്സ് 523.68 പോയിന്റ് ഉയരാനും റിലയൻസിന്റെ മുന്നേറ്റം തുണച്ചു

58 ദിവസത്തിനുള്ളിൽ ഏതാണ്ട് 1.69 ലക്ഷം കോടി രൂപ സമാഹരിച്ചതോടെയാണു കമ്പനി കടമില്ലാക്കമ്പനിയായി മാറിയതെന്നു മുകേഷ് അംബാനി പറ‍ഞ്ഞു. അവകാശഓഹരിവിൽപനയിലൂടെ 53124 കോടി രൂപ നേടുകയും 11 ആഗോള നിക്ഷേപകരിൽനിന്ന് കമ്പനിയുടെ ടെലികോം വിഭാഗമായ ജിയോ പ്ലാറ്റ്ഫോംസ് 1.15 ലക്ഷം കോടി രൂപ സമാഹരിക്കുകയുമാണു ചെയ്തത്. മാർച്ച് 31ന്റെ കണക്കനുസരിച്ച് 1.61 ലക്ഷം കോടി രൂപയാണു കമ്പനിയുടെ കടം.

ഇന്ധന ചില്ലറവിൽപന ബിസിനസിന്റെ 48% ഓഹരി ബ്രിട്ടീഷ് കമ്പനിയായ ബിപിക്കു നൽകി കഴിഞ്ഞ വർഷം 7000 കോടി സമാഹരിച്ചതുകൂടി കണക്കിലെടുത്താൽ ആകെ മൂലധനസമാഹരണം 1.75 ലക്ഷം കോടിയായി. 2021 മാർച്ചിനുമുൻപ് ബാധ്യതകളെല്ലാം തീർക്കുമെന്ന് മുകേഷ് അംബാനി 2019 ഓഗസ്റ്റിൽ ഓഹരിയുടമകൾക്കു വാഗ്ദാനം നൽകിയിരുന്നു.മാർച്ച് 23ന് 867.82 രൂപ എന്ന താഴ്ന്ന നിലയിലെത്തിയ റിലയൻസ് ഓഹരിയാണ് ഇന്നലെ 1738.95 രൂപ എന്ന റെക്കോർഡ് നിലയിലെത്തിയത്.

 

Leave a Reply

Your email address will not be published. Required fields are marked *