സംസ്ഥാന സര്‍ക്കാരിനെ തകര്‍ക്കാനുള്ള നീക്കത്തില്‍ കോണ്‍ഗ്രസും ബിജെപിയും കൈകോര്‍ക്കുകയാണെന്നു വി.എസ്.

ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിനെ തകര്‍ക്കാനുള്ള നീക്കത്തില്‍ കോണ്‍ഗ്രസും ബിജെപിയും കൈകോര്‍ക്കുകയാണെന്നു ഭരണ പരിഷ്‌കരണ കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന്‍.
കോണ്‍ഗ്രസ് ബിജെപിയുടെ ബി ടീമായി മാറി. ശബരിമല വിഷയത്തില്‍ ബിജെപി പറയുന്നതു കോണ്‍ഗ്രസ് ഏറ്റുപാടുകയാണ്. ആദ്യം സുപ്രീംകോടതി വിധിയെ ഇരുകൂട്ടരും പിന്തുണച്ചു. ഒരു കലക്കുകലക്കിയാല്‍ 10 വോട്ടുപിടിക്കാം എന്ന വക്രബുദ്ധി ബിജെപിക്കു പിന്നീടു തെളിഞ്ഞു. ബിജെപി മലക്കം മറിഞ്ഞതോടെ കോണ്‍ഗ്രസും അതേ നിലപാടു തന്നെ സ്വീകരിച്ചു. വീണ്ടുമൊരു വിമോചന സമരത്തിനു സാധ്യതയുണ്ടോയെന്നു നോക്കി പ്രശ്‌നം വച്ചു നടക്കുകയാണ്. പുന്നപ്ര വയലാര്‍ രക്തസാക്ഷിത്വ വാരാചരണത്തിന്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചരിത്രത്തിലെ വലിയ ആചാര ലംഘനമായിരുന്നു ശ്രീനാരായണ ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠ. അതു നടന്ന മണ്ണില്‍ച്ചവിട്ടിനിന്ന് ആചാരം മാറ്റാന്‍ സമ്മതിക്കില്ലെന്നു പറയാന്‍ രമേശ് ചെന്നിത്തലയ്ക്കു നാണമില്ലേ? ഗുരുവായൂര്‍, വൈക്കം സത്യാഗ്രഹങ്ങള്‍ നടത്തിയതു കോണ്‍ഗ്രസായിരുന്നു എന്ന് ഇപ്പോഴത്തെ കെപിസിസിക്കാര്‍ക്ക് അറിയാമോ ?

കോണ്‍ഗ്രസ് അതിന്റെ ഏറ്റവും വലിയ ദുര്‍ബലാവസ്ഥയിലാണ്. മതനിരപേക്ഷതയുടെയും ദേശീയ പ്രസ്ഥാനത്തിന്റെയും പാരമ്പര്യമുള്ള കോണ്‍ഗ്രസില്‍നിന്നു ഹിന്ദു വര്‍ഗീയ കക്ഷിയായ ബിജെപിയിലേക്കു നേതാക്കളടക്കം ഒഴുകുകയാണ്. മൃദുഹിന്ദുത്വ സമീപനം കൊണ്ടു കോണ്‍ഗ്രസ് ഗതിപിടിക്കുകയില്ലെന്നും വിഎസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *