കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ ദീർഘകാല മഴ പ്രവചനം

അടുത്ത 4 ആഴ്ചയിലേക്കുള്ള കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ ദീർഘകാല മഴ പ്രവചനം (Extended Range Forecast)

അടുത്ത രണ്ടാഴ്ച് (ജൂൺ 19 മുതൽ ജൂലൈ 25 വരെ) കേരളത്തിൽ ലഭിക്കുന്ന ആകെ മഴയുടെ തോത് സാധാരണ (ദീർഘകാല ശരാശരി – Normal) മഴ ആയിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയെ അറിയിച്ചു. ഈ കാലയളവിൽ പൊതുവിൽ കേരളത്തിൽ വ്യാപകമായി തന്നെ (Fairly Widespread Rainfall) മഴ ലഭിക്കാനിടയുണ്ടെന്നും ചില ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയും പ്രതീക്ഷിക്കാമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.

അടുത്ത 4 ആഴ്ചയിൽ കേരളത്തിൽ പ്രതീക്ഷിക്കാവുന്ന ആകെ മഴയുടെ തോത് സംബന്ധിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ് അവരുടെ വിവിധ കാലാവസ്ഥ മോഡലുകളുടെ വിശകലനത്തിലൂടെ തയ്യാറാക്കിയ പ്രവചനം.

ആഴ്ച 1 – 2020 ജൂൺ 19 മുതൽ ജൂൺ 25 വരെ – സാധാരണ മഴ (Normal Rainfall)

ജൂൺ 19 മുതൽ ജൂൺ 25 വരെയുള്ള ആഴ്ചയിൽ കേരളത്തിൽ ലഭിക്കുന്ന മഴയുടെ ദീർഘകാല ശരാശരി 71.7 മില്ലിമീറ്ററാണ്. 2020 ജൂൺ 19 മുതൽ ജൂൺ 25 വരെ 71.8 മില്ലിമീറ്റർ മഴയായിരിക്കും കേരളത്തിൽ ശരാശരി ലഭിക്കുക എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.

ആഴ്ച 2 – 2020 ജൂൺ 26 മുതൽ ജൂലൈ 02 വരെ – സാധാരണ മഴ (Normal Rainfall)

ജൂൺ 26 മുതൽ ജൂലൈ 02 വരെയുള്ള ആഴ്ചയിൽ കേരളത്തിൽ ലഭിക്കുന്ന മഴയുടെ ദീർഘകാല ശരാശരി 64.3 മില്ലിമീറ്ററാണ്. 2020 ജൂൺ 26 മുതൽ ജൂലൈ 02 വരെ 60.5 മില്ലിമീറ്റർ മഴയായിരിക്കും കേരളത്തിൽ ശരാശരി ലഭിക്കുക എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഇത് സാധാരണ മഴയേക്കാൾ 6% കുറഞ്ഞ മഴയാണ്.

ആഴ്ച 3 – 2020 ജൂലൈ 03 മുതൽ ജൂലൈ 09 വരെ – സാധാരണയിൽ കവിഞ്ഞ മഴ (Above Normal Rainfall)

ജൂലൈ 03 മുതൽ ജൂലൈ 09 വരെയുള്ള ആഴ്ചയിൽ കേരളത്തിൽ ലഭിക്കുന്ന മഴയുടെ ദീർഘകാല ശരാശരി 48.2 മില്ലിമീറ്ററാണ്. 2020 ജൂലൈ 03 മുതൽ ജൂലൈ 09 വരെ 84.2 മില്ലിമീറ്റർ മഴയായിരിക്കും കേരളത്തിൽ ശരാശരി ലഭിക്കുക എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഇത് സാധാരണ മഴയേക്കാൾ 75% അധിക മഴയാണ്.

ആഴ്ച 4 – 2020 ജൂലൈ 10 മുതൽ ജൂലൈ 16 വരെ – സാധാരണയിൽ കവിഞ്ഞ മഴ (Above Normal Rainfall)

ജൂലൈ 10 മുതൽ ജൂലൈ 16 വരെയുള്ള ആഴ്ചയിൽ കേരളത്തിൽ ലഭിക്കുന്ന മഴയുടെ ദീർഘകാല ശരാശരി 34.2 മില്ലിമീറ്ററാണ്. 2020 ജൂലൈ 10 മുതൽ 16 വരെ 64.3 മില്ലിമീറ്റർ മഴയായിരിക്കും കേരളത്തിൽ ശരാശരി ലഭിക്കുക എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മോഡൽ പ്രവചിക്കുന്നത്. ഇത് സാധാരണ മഴയേക്കാൾ 88% അധിക മഴയാണ്.

കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ ദീർഘകാല പ്രവചനത്തിൽ നിന്ന് ഏതൊക്കെ പ്രദേശങ്ങളിലായിരിക്കും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മനസ്സിലാക്കാൻ സാധിക്കില്ല. എല്ലാദിവസവും പുറപ്പെടുവിക്കുന്ന 5 ദിവസത്തെ മഴ മുന്നറിയിപ്പിൽ ജില്ലാതല വിവരങ്ങൾ ലഭ്യമാകുന്നതാണ്. അതാത് ആഴ്ചകളിലെ സ്ഥിതിഗതികൾ പരിശോധിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ് ദീർഘകാല പ്രവചനം അപ്‌ഡേറ്റ് ചെയ്യുന്നതാണ്.

2020 ജൂൺ 11 മുതൽ 17 വരെ കേരളത്തിൽ ആകെ ലഭിച്ചത് 132 മില്ലിമീറ്റർ മഴയാണ്. ഇത് ദീർഘകാല ശരാശരിയുടെ 23% കുറവ് മഴയാണ്. 2020 മൺസൂൺ സീസണിൽ ഇത് വരെ (ജൂൺ 1 മുതൽ 19 വരെ) കേരളത്തിൽ ആകെ ലഭിച്ചത് 341.6 മില്ലിമീറ്റർ മഴയാണ്. ഇത് ഈ കാലയളവിൽ ലഭിക്കേണ്ട മഴയുടെ ദീർഘകാല ശരാശരിയേക്കാൾ 14% കുറവാണ്. നിലവിൽ സീസണിൽ കണ്ണൂർ (655.6 mm, 26% അധിക മഴ), കോഴിക്കോട് (792.1 mm, 44% അധിക മഴ), തിരുവനന്തപുരം (296.7 mm, 35% അധിക മഴ) എന്നീ ജില്ലകളിൽ അധിക മഴ ലഭിച്ചിട്ടുണ്ട്. തൃശൂർ (35%), വയനാട് (38%), പാലക്കാട് (26%), ഇടുക്കി (53%), എറണാകുളം (44%) എന്നീ ജില്ലകളിൽ കുറഞ്ഞ മഴയാണ് (Deficient Rainfall) ഇത് വരെ രേഖപ്പെടുത്തിയത്. ആലപ്പുഴ, കോട്ടയം, കാസറഗോഡ്, കൊല്ലം, മലപ്പുറം, പത്തനംതിട്ട ജില്ലകളിൽ ലഭിച്ച ആകെ മഴ ദീർഘകാല ശരാശരിയുമായി താരതമ്യം ചെയ്യുമ്പോൾ സാധാരണ മഴയാണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് രേഖപ്പെടുത്തിയിരിക്കുന്നു.

മൺസൂണിലെ തയ്യറെടുപ്പുകൾ കാര്യക്ഷമമാക്കാൻ ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കി പ്രസിദ്ധീകരിച്ച ഓറഞ്ച് ബുക്ക് 2020 ( https://sdma.kerala.gov.in/wp-content/uploads/2020/05/Orange-Book-of-Disaster-Management-2-2020-2.pdf) അനുസരിച്ചുള്ള തയ്യാറെടുപ്പുകൾ നടത്താൻ പൊതുജനങ്ങളോടും ബന്ധപ്പെട്ട വകുപ്പുകളോടും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു.

KSDMA_IMD
പുറപ്പടുവിച്ച സമയം 19/06/2020 4 pm

Leave a Reply

Your email address will not be published. Required fields are marked *