ഫുട്‌ബോളിലെ ആദ്യ ശതകോടീശ്വരനെന്ന ബഹുമതി ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക്

ലണ്ടന്‍ : ഫുട്‌ബോളിലെ ആദ്യ ശതകോടീശ്വരനെന്ന ബഹുമതി സ്വന്തമാക്കി ക്രിസ്റ്റിയാനോ റൊണാള്‍ഡോ. കഴിഞ്ഞ വര്‍ഷം നികുതി അടക്കുന്നതിന് മുമ്പുള്ള റൊണാള്‍ഡോയുടെ സമ്പാദ്യം 105 ദശലക്ഷം ഡോളറാണ്. പോയവര്‍ഷം കായികലോകത്ത് കൂടുത ല്‍ പണം സമ്പാദിച്ച 100 പേരുടെ ഫോബ്‌സ് പട്ടികയില്‍ നാലാമതാണ് റൊണാള്‍ഡോ. ഇതുവരെ നേടിയ ആകെയുള്ള സമ്പാദ്യത്തിന്റെ കണക്കെടുക്കുമ്പോഴാണ് റൊണാള്‍ഡോ ശതകോടീശ്വരനായി മാറുന്നത്.

ആദ്യമായാണ് ടീമിനത്തില്‍ നിന്നുള്ള ഒരു കായികതാരം 100 കോടിയിലേറെ ഡോളര്‍ സമ്പാദിക്കുന്നത്. നേരത്തെ രണ്ട് കായികതാരങ്ങള്‍ ഫോബ്‌സിന്റെ കണക്കു പ്രകാരം ഈ നേട്ടത്തിലെത്തിയിട്ടുണ്ട്. ഗോള്‍ഫിലെ ഇതിഹാസ താരം ടൈഗര്‍ വുഡ്‌സും ബോക്‌സിംഗ് താരം ഫ്‌ളോയിഡ് മേവെതറുമാണ് ഈ നേട്ടം നേരത്തെ സ്വന്തമാക്കിയത്. നൈക്കുമായുള്ള കരാറാണ് ഈ നേട്ടത്തിലേക്ക് വുഡ്‌സിനെ നയിച്ചത്.

ഇതുവരെ 650 ദശലക്ഷം ഡോളറാണ് ക്രിസ്റ്റിയാനോയുടെ സമ്പാദ്യം. രണ്ട് വര്‍ഷം കൂടിയുള്ള യുവന്റസുമായുള്ള കരാര്‍ കൂടി കൂട്ടുമ്പോള്‍ ഇത് 765 ദശലക്ഷം ഡോളറാകും. ഇക്കൂട്ടത്തിലേക്ക് 350 ദശലക്ഷം ഡോളറിന്റെ പരസ്യവരുമാനം കൂടി ചേര്‍ന്നതോടെയാണ് ക്രിസ്റ്റിയാനോയുടെ ആകെ വരുമാനം നൂറ് കോടി ഡോളര്‍ കടക്കുന്നത്. മെസിക്ക് ഇതുവരെ ശമ്പളയിനത്തില്‍ മാത്രം 605 ദശലക്ഷം ഡോളറാണ് ലഭിച്ചിട്ടുള്ളത്.

സോഷ്യല്‍മീഡിയയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള കായികതാരങ്ങളിലൊരാള്‍ കൂടിയാണ് റൊണാള്‍ഡോ. ഇന്‍സ്റ്റഗ്രാമില്‍ 22.24 കോടിയും ട്വിറ്ററില്‍ 8.53 കോടിയും ഫേസ്ബുക്കില്‍ 11.2 കോടിയുമാണ് അദ്ദേഹത്തിന്റെ ആരാധകര്‍. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് മുടങ്ങിയ സീരി എ പുനരാരംഭിക്കുന്നതിന്റെ ഭാഗമായുള്ള പരിശീലനത്തിലാണ് യുവന്റസ് താരമായ റൊണാള്‍ഡോ.

Leave a Reply

Your email address will not be published. Required fields are marked *