സാങ്കേതികവശങ്ങൾ ശരിയായാൽ സംസ്ഥാനത്ത് ശനിയാഴ്ച മദ്യവിൽപന ആരംഭിക്കും

തിരുവനന്തപുരം : വെർച്വൽ ക്യൂ ആപ്പിന്റെ സാങ്കേതികവശങ്ങൾ ശരിയായാൽ സംസ്ഥാനത്ത് ശനിയാഴ്ച മദ്യവിൽപന ആരംഭിക്കും. ബവ്ക്യൂ എന്ന പേരാണ് ആപ്പിനു പരിഗണിക്കുന്നത്. മദ്യവിൽപനയുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ഉടൻ പുറത്തിറങ്ങുമെന്നു ബവ്കോ അറിയിച്ചു.

സുരക്ഷാ പരിശോധനയും ലോഡ് ടെസ്റ്റിങുമാണ് ഇപ്പോൾ നടക്കുന്നതെന്ന് ആപ്പ് നിർമിക്കുന്ന സ്റ്റാർട്ടപ്പ് കമ്പനി അധികൃതർ പറഞ്ഞു. 35 ലക്ഷം ആളുകൾ ഒരുമിച്ച് മദ്യം ബുക്ക് ചെയ്താലും പ്രശ്നമില്ലാത്ത രീതിയിലാണ് ആപ്പ് തയാറാക്കുന്നത്.

തിരക്കുള്ള ദിവസങ്ങളിൽ 10.5 ലക്ഷം ആളുകൾ വരെയാണു ബവ്റിജസ് ഷോപ്പുകളിലെത്തുന്നത്. കോവിഡ് ലോക്ഡൗൺ കാരണം ഇത്രയും ദിവസം മദ്യശാലകൾ അടഞ്ഞു കിടന്നതിനാൽ കൂടുതൽ ആളുകൾ ആപ്പ് ഉപയോഗിക്കുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്. പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും മൊബൈൽ ആപ്പ് ലഭ്യമാക്കും. ആപ്പിളിന്റെ അനുമതി ഇതുവരെ തേടിയിട്ടില്ല. ഇതിനു പുറമേ സാധാരണ ഫോണുകളിൽനിന്ന് എസ്എംഎസ് വഴിയും വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യാം.

പേരും ഫോൺ നമ്പരും സ്ഥലത്തെ സൂചിപ്പിക്കുന്ന അടയാളവും (സ്ഥലപ്പേര്, പിൻകോഡ്, ലൊക്കേഷൻ എന്നിവയിലേതെങ്കിലും) നൽകി ക്യൂവിൽ ബുക്ക് ചെയ്യാം. വ്യക്തിവിവരങ്ങൾ ചോദിക്കില്ല. ആപ്പ് വഴി മദ്യത്തിന്റെ ബ്രാൻഡ് ആദ്യഘട്ടത്തിൽ തിരഞ്ഞെടുക്കാനാകില്ല. ബുക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന ടോക്കൺ നമ്പർ അതിൽ പറയുന്ന സമയത്ത്, പറയുന്ന കേന്ദ്രത്തിൽ ഹാജരാക്കണം. ബ്രാൻഡ് തിരഞ്ഞെടുത്ത് പണം അടയ്ക്കാം.

Leave a Reply

Your email address will not be published. Required fields are marked *