കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്

തിരുവനന്തപുരം •:ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഉം-പുന്‍ സൂപ്പര്‍ ചുഴലിക്കാറ്റിന്റെ പ്രഭാവത്താല്‍ കേരളത്തില്‍ വിവിധയിടങ്ങളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മെയ് 18ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, കോഴിക്കോട്, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും മെയ് 19 ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മഞ്ഞ അലര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത് പൊതുജനങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ശ്രദ്ധയോടെ സ്ഥിതിഗതികള്‍ വീക്ഷിക്കുക എന്നതാണ്. കേരളതീരത്ത് നിന്ന് മല്‍സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിനായി കടലില്‍ പോകാന്‍ പാടില്ല.

കേരള തീരത്തും ലക്ഷ്വദ്വീപ് തീരങ്ങളിലും മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയില്‍ വടക്കു -പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ ഈ പ്രദേശങ്ങളില്‍ 19 വരെ കാലയളവില്‍ മത്സ്യബന്ധനത്തിന് പോകരുത്.
ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ വസിക്കുന്നവര്‍, നദിക്കരകളില്‍ താമസിക്കുന്നവര്‍ തുടങ്ങിയവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *