നിയന്ത്രണങ്ങളോടെ മിഠായിത്തെരുവിലെ കടകള്‍ തുറക്കാന്‍ അനുമതി

കോഴിക്കോട്: ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ അടച്ച കോഴിക്കോട് മിഠായിത്തെരുവിലെ കച്ചവട സ്ഥാപനങ്ങള്‍ കര്‍ശന നിയന്ത്രണങ്ങളോടെ തുറക്കുന്നതിന് അനുമതി നല്‍കി കൊണ്ട് ജില്ലാ കളക്ടര്‍ സാംബശിവ റാവു ഉത്തരവിട്ടു. രണ്ടില്‍ കൂടുതല്‍ നിലകളുള്ള ഷോപ്പിംഗ് സെന്ററുകള്‍ ഒഴികെ ബാക്കിയുള്ള കച്ചവട സ്ഥാപനങ്ങള്‍ക്കാണ് തുറക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇവയുടെ പ്രവര്‍ത്തന സമയം രാവിലെ 7 മുതല്‍ വൈകുന്നേരം 5 മണി വരെയായിരിക്കും. ഒരേ സമയം കടകളില്‍ എത്തുന്നവരുടെ എണ്ണം നിയന്ത്രിക്കണം. മാത്രവുമല്ല ഓരോ വ്യാപാരിയും അവരുടെ കടയുടെ വിസ്തീര്‍ണ്ണം സംബന്ധിച്ച ഡിക്ലറേഷന്‍ പൊലീസിന് സമര്‍പ്പിച്ച ശേഷം മാത്രം കട തുറക്കണം.

കടകളുടെ വിസ്തീര്‍ണ്ണത്തിന് ആനുപാതികമായാണ് ആളെ പ്രവേശിപ്പിക്കേണ്ടത്. 50 സ്‌ക്വയര്‍ ഫീറ്റില്‍ ഒരാള്‍ എന്ന നിലയിലാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഓരോ കടയിലും പ്രവേശിപ്പിക്കാനാവുന്നവരുടെ എണ്ണം പ്രദര്‍ശിപ്പിക്കണം. എല്ലാ കടകളിലും ‘ബ്രേക്ക് ദി ചെയിന്‍’ പദ്ധതിക്ക് ആവശ്യമായ സാമഗ്രഹികള്‍ ഒരുക്കേണ്ടതുണ്ട്.കടകളിലെ സിസിടിവി പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാക്കേണ്ടതും തിരക്ക് വിശകലനം ചെയ്യുന്നതിനായി ഇവ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുമാണ്.

എസ്‌എം സ്ട്രീറ്റിലേക്ക് സാധനങ്ങള്‍ വാങ്ങാനല്ലാതെ ആര്‍ക്കും പ്രവേശനം അനുവദിക്കില്ല. പ്രവേശന കവാടത്തില്‍ ഇക്കാര്യം പൊലീസ് പരിശോധിക്കുന്നതും ബില്ലുകള്‍ ഹാജരാക്കത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതുമാണ്.നിബന്ധനകള്‍ ലംഘിക്കപ്പെട്ടാല്‍ കച്ചവടക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും എതിരെ കടകളുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ എടുക്കുമെന്നും കളക്ടര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *