തമിഴ്‌നാട്ടില്‍ മദ്യവില്‍പ്പനശാലകള്‍ അടയ്ക്കണമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: തമിഴ്‌നാട്ടില്‍ മദ്യവില്‍പ്പനശാലകള്‍ അടയ്ക്കണമെന്ന് ഉത്തരവിട്ട് തമിഴ്‌നാട് മദ്രാസ് ഹൈക്കോടതി . ഈ മാസം 17 വരെ മദ്യവില്‍പ്പനശാലകള്‍ തുറക്കരുതെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

പലയിടങ്ങളിലും രോഗം പരത്തുന്ന തരത്തിലുള്ള സാഹചര്യമാണ് കടകള്‍ തുറന്നതിലൂടെ സംഭവിച്ചതെന്നും മദ്രാസ് ഹൈക്കോടതി ചൂണ്ടിക്കാട്ടി. മദ്യം വില്‍ക്കുമ്ബോള്‍ സാമൂഹിക അകലം പാലിച്ചിരുന്നില്ല എന്ന് ചൂണ്ടിക്കാട്ടി ചെന്നൈയിലെ ഒരു അഭിഭാഷകന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇപ്പോള്‍ വിധി പറഞ്ഞിരിക്കുന്നത്. മദ്യവില്‍പ്പന ശാലകള്‍ തുറക്കുന്നതിനെതിരെ തമിഴ്‌നാട്ടില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

തമിഴ്‌നാട്ടില്‍ പലയിടങ്ങളിലും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരാണ് മദ്യവില്‍പ്പന ശാലകള്‍ തുറന്നതിനെതിരെ പ്രതിഷേധിച്ചത്. പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് ലാത്തി വീശിയ സംഭവങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുന്ന കാര്യം തമിഴ്‌നാട് സര്‍ക്കാര്‍ പരിഗണിക്കുകയാണെന്ന വിവരം ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. നിലവില്‍ 3825 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ കൊവിഡ് രോഗമുള്ളത്. 37 പേര്‍ രോഗം മൂലം മരണമടഞ്ഞിട്ടുണ്ട്.

അതേസമയം ഓണ്‍ലൈന്‍ വില്‍പ്പന, ഹോം ഡെലിവറി സംവിധാനങ്ങള്‍ വഴിയുള്ള വില്‍പ്പനയുടെ കാര്യം പരിഗണിക്കണമെന്നും ഹൈക്കോടതി പറഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *