മത്സ്യം കയറ്റി അയക്കുന്നതിന്റെ മറവില്‍ മദ്യക്കടത്ത്: രണ്ട് പേര്‍ പിടിയില്‍

ആലുവ: കര്‍ണ്ണാടകയില്‍ നിന്ന് വന്‍തോതില്‍ മദ്യം കടത്തിയിരുന്ന രണ്ട് പേരെ ആലുവ റേഞ്ച് എക്സൈസ് പിടികൂടി. ചേര്‍ത്തല തണ്ണീര്‍മുക്കം പാലക്കവെളി വീട്ടില്‍ ജോഷിലാല്‍, ചേര്‍ത്തല പുത്തനമ്ബലം കരയില്‍ കുന്നത്ത പറമ്ബില്‍ വീട്ടില്‍ ഉണ്ണികൃഷ്ണന്‍ എന്നിവരെയാണ് ആലുവ റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ ടി കെ ഗോപിയുടെ നേതൃത്വത്തിലുള്ള ഷാഡോ സംഘം കസ്റ്റഡിയില്‍ എടുത്തത്. ഇവരുടെ കൈവശത്ത് നിന്ന് കര്‍ണ്ണാടകയില്‍ മാത്രം ഉപയോഗിക്കാവുന്ന 10 ലിറ്ററോളം മദ്യം കണ്ടെത്തി. മദ്യം കടത്തിയ ഇന്‍സുലേറ്റര്‍ വാനും എക്സൈസ് കസ്റ്റഡിയിലെടുത്തു.

കര്‍ണ്ണാടകയില്‍ നിന്ന് ഏജന്റ്മാര്‍ വഴി കടത്തികൊണ്ട് വരുന്ന മദ്യം നാലിരട്ടി വിലയ്ക്കാണ് ഇവിടെ മറിച്ച്‌ വില്‍ക്കുന്നത് എന്ന് ചോദ്യം ചെയ്യലില്‍ പറഞ്ഞതായി എക്സൈസ് അധികൃതര്‍ അറിയിച്ചു. മുന്‍കൂട്ടിയുള്ള ഓര്‍ഡര്‍ പ്രകാരമാണ് ഇവര്‍ മദ്യം എത്തിച്ച്‌ നല്‍കിയിരുന്നത്. ലോക്ഡൗണ്‍ ആയതില്‍ മല്‍സ്യം കയറ്റി അയക്കുന്നു എന്ന വ്യാജേന രണ്ടു പേര്‍ പാലക്കാട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ എന്നീവിടങ്ങില്‍ മദ്യം എത്തിച്ച്‌ നല്‍കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ എ എസ് രഞ്ജിത്തിന്റെ മേല്‍നോട്ടത്തിലുള്ള ആലുവ റേഞ്ച് എക്സൈസ് ഷാഡോ ടീമിനെ ഇത് അന്വേഷിക്കുന്നതിനായി ചുമതലപ്പെടുത്തുകയായിരുന്നു.

ഷാഡോ ടീം അംഗങ്ങളുടെ ദിവസങ്ങള്‍ നീണ്ട പരിശ്രമങ്ങള്‍ ക്കൊടുവില്‍ ഇവര്‍ പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളില്‍ മദ്യം ഇറക്കിയശേഷം ആലുവ ഭാഗത്തേയ്ക്ക് വരുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നെടുമ്ബാശേരി എയര്‍പോര്‍ട്ടിന് സമീപം വച്ച്‌ ഇവരുടെ വാഹനം പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു.

പ്രിവന്റീവ് ഓഫീസര്‍ എം കെ ഷാജി, ഷാഡോ ടീമംഗങ്ങളായ എന്‍ ഡി ടോമി, എന്‍ ജി അജിത് കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍ ഗിരീഷ് കൃഷ്ണന്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *