ലോക്ക് ഡൗൺ: ഇളവുകളിൽ വ്യക്തത വരുത്തി പുതിയ മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കി

തിരുവനന്തപുരം: ലോക്ക് ഡൗൺ ഇളവുകളിൽ വ്യക്തത വരുത്തി സംസ്ഥാന സർക്കാർ പുതിയ മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കി. ഗ്രീൻ സോണുകൾ കേന്ദ്രീകരിച്ച് ഇളവുകൾക്ക് പ്രാധാന്യം നല്‍കുന്നതിനോടൊപ്പം
ഹോട്ട് സ്പോട്ടുകളിൽ കർശന നിയന്ത്രണം തുടരും. പൊതു ഗതാഗതം ഒരു സോണിലും അനുവദിക്കില്ല.

സ്വകാര്യ വാഹനങ്ങളിൽ ഡ്രൈവര്‍ക്ക് പുറമെ രണ്ട് പേര്‍ മാത്രമെ ഉണ്ടാകാവു എന്നും മാര്‍ഗ നിര്‍ദ്ദേശത്തിൽ പറയുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കില്ല. പരീക്ഷാ നടത്തിപ്പിന് വേണ്ടിമാത്രമെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാവൂ. ഗ്രീൻ സോണിലുള്ള സേനവമേഖലയിലെ സ്ഥാപനങ്ങൾ ആഴ്ചയിൽ മൂന്ന് ദിവസം മാത്രമെ പ്രവര്‍ത്തിക്കുകയുള്ളൂ. അതും അമ്പത് ശതമാനം ആളുകൾ മാത്രമെ ജോലിക്കെത്താവു എന്നാണ് നിബന്ധന. മദ്യ ശാലകൾ മാളുകൾ ബാർബർ ഷോപ്പുകൾ എന്നിവ തുറക്കില്ലെന്നാണ് ചീഫ് സെക്രട്ടറി പുറത്തിറക്കിയ മാര്‍ഗ നിര്‍ദ്ദേശത്തിൽ വ്യക്തമാക്കുന്നത്.

പ്രവാസികളുടെ തിരിച്ച് വരവിലും വ്യക്തമായ മാര്‍ഗ നിര്‍ദ്ദേശങ്ങൾ സംസ്ഥാനം മുന്നോട്ട് വയ്ക്കുന്നുണ്ട്. വിമാനത്താവളങ്ങളിൽ കർശന പരിശോധന ഉണ്ടാകും. രോഗ ലക്ഷണം ഇല്ലെങ്കിൽ വീട്ടിൽ പോകാം .വീട്ടിൽ നിരീക്ഷണം നിർബന്ധമാണ്. രോഗം പിടിപെടാൻ സാധ്യത ഉള്ളവർ വീട്ടിൽ ഉണ്ടെങ്കിൽ സർക്കാരിന്റെ പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറണം. സ്വന്തം ചെലവിൽ ഹോട്ടലുകളിൽ താമസിക്കാം. അവിടെയും നിരീക്ഷണം നിർബന്ധമാണ്. വിദേശത്ത് നിന്ന് എത്തുന്നവര്‍ നിരീക്ഷണത്തിലാണെന്ന് പൊലീസ് ഉറപ്പാക്കണമെന്നാണ് മാർഗനിർദേശത്തിൽ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *