കേരളം ലോക്ക്ഡൗണ്‍ ചട്ടം ലംഘിച്ചു; വിശദീകരണം തേടി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി : ലോക്ക്ഡൗണ്‍ ചട്ടങ്ങള്‍ കേരളം ലംഘിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. കേന്ദ്രമാര്‍ഗനിര്‍ദേശം ലംഘിച്ച്‌ ചട്ടത്തില്‍ ഇളവ് നല്‍കിയ സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം കേരളത്തോട് വിശദീകരണം തേടി. മാര്‍ഗരേഖയിലെ വ്യവസ്ഥകള്‍ കേരളം ലംഘിച്ചു.

ബാര്‍ബര്‍ ഷോപ്പുകള്‍ക്കും ഹോട്ടലുകള്‍ക്കും പ്രവര്‍ത്തിക്കാന്‍ കേരള സര്‍ക്കാര്‍ അനുമതി നല്‍കിയത് ഗുരുതരമായ ചട്ടലംഘനമാണെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല ചീഫ് സെക്രട്ടറി ടോം ജോസിന് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടി. ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കുമ്ബോഴും, ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കിയതോടെ, എങ്ങനെ സാമൂഹിക അകലം പാലിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് കത്തില്‍ ചോദിച്ചിട്ടുണ്ട്.

നഗരപ്രദേശങ്ങളിലെ ചെറുകിട വ്യവസായങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയതും ചട്ട വിരുദ്ധമാണ്. കാര്‍, ബൈക്ക് യാത്രകളിലും കൂടുതല്‍ ഇളവ് അനുവദിച്ചു.

വര്‍ക്ക്‌ഷോപ്പ്, റസ്റ്റോറന്റുകള്‍, ബുക്ക് സ്റ്റാളുകള്‍ തുടങ്ങിയവ തുറക്കാന്‍ അനുവാദം കൊടുത്തതും മാര്‍ഗരേഖയുടെ ചട്ടലംഘനമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ ചട്ടം സംബന്ധിച്ച്‌ സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ അയച്ചുകൊടുത്തിരുന്നു. ഇതില്‍ നിന്നും വ്യതിചലിച്ച്‌ കേന്ദ്രനിഷ്‌കര്‍ഷയ്ക്ക് അധികമായി ഇളവു നല്‍കിയത് പാര്‍ലമെന്റ് പാസ്സാക്കിയ 2005 ലെ നിയമത്തിന്റെ ലംഘനമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *