ശബരിമലയിലെ നിലവിലെ സാഹചര്യം സുപ്രീംകോടതിയെ അറിയിക്കും: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്‌

സന്നിധാനം:  ശബരിമലയിലെ സംഘർഷാത്മകസ്ഥിതിയുടെ പശ്ചാത്തലത്തിൽ തിരുവിതാംകൂർ ദേവസ്വംബോർഡ് വീണ്ടും സുപ്രീംകോടതിയിലേക്ക്. നേരത്തേ കേസിൽ ബോർഡിന് വേണ്ടി ഹാജരായ മനു അഭിഷേക് സിംഗ്‍വി തന്നെ വീണ്ടും ബോർഡിനായി ഹാജരാകും. നിലവിലെ സ്ഥിതിഗതികളെക്കുറിച്ച് ബോർഡ് തൽസ്ഥിതി റിപ്പോർട്ട് തയ്യാറാക്കും. ഈ റിപ്പോർട്ട് കൂടി ഉൾപ്പെടുത്തിയാകും കോടതിയിൽ ഹാജരാകുക.  പുനഃപരിശോധനാഹർജി നൽകുമോ എന്ന കാര്യം വ്യക്തമാക്കാൻ ബോർഡ് പ്രസി‍ഡന്‍റ് തയ്യാറായില്ല. നിലവിലെ സാഹചര്യം സുപ്രീംകോടതിയെ അറിയിക്കുക മാത്രമാണ് ചെയ്യുകയെന്നാണ് എ.പദ്മകുമാർ വ്യക്തമാക്കിയത്. ഇപ്പോൾ കോടതിയിലുള്ള ഇരുപത്തിയഞ്ചോളം പുനഃപരിശോധനാഹർജികൾ സുപ്രീംകോടതിയിലുണ്ട്. അതിലെല്ലാം ബോർഡ് കക്ഷിയാണ്. അതുകൊണ്ട് തന്നെ ബോർഡിന് നിലപാട് കോടതിയിൽ അറിയിച്ചേ തീരൂ. അതിനാണ് തൽസ്ഥിതിറിപ്പോർട്ട് നൽകുന്നതെന്നും എ. പദ്മകുമാർ വ്യക്തമാക്കി.

‘ശബരിമല സമാധാനത്തിന്‍റെ പൂങ്കാവനമാണ്. ഇവിടത്തെ സ്ഥിതി ഇപ്പോൾ മോശമാണ്. ഇവിടത്തെ സമാധാനാന്തരീക്ഷം തകർക്കാൻ ദേവസ്വംബോർഡിന് ആഗ്രഹമില്ല. കേസിൽ ദേവസ്വംബോർഡ് ഇടപെടാൻ തന്നെയാണ് തീരുമാനം. ശബരിമലയിലെ ആചാരങ്ങൾ തൽസ്ഥിതിപ്രകാരം തന്നെ തുടരണമെന്നാണ് ബോർഡിന്‍റെ ആവശ്യം. ശബരിമലയെച്ചൊല്ലി രാഷ്ട്രീയം കളിയ്ക്കാൻ ഉദ്ദേശിച്ചിട്ടില്ല.’ എ.പദ്മകുമാർ വ്യക്തമാക്കി.

‘ഇക്കാര്യത്തിൽ നിയമപരമായി എങ്ങനെ നീങ്ങണമെന്ന കാര്യം മനു അഭിഷേക് സിംഗ്‍വിയുമായി വിശദമായി ചർച്ച നടത്തും. പ്രശ്നപരിഹാരത്തിന് ആത്മാർഥമായ ശ്രമമാണ് ബോർഡിന്‍റെ ഭാഗത്തുനിന്നുണ്ടാകുന്നത്.’ പദ്മകുമാർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *